ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓസ്ട്രേലിയൻ അതിർത്തികൾ ഫെബ്രുവരി 21 മുതൽ പൂർണ്ണമായും തുറക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്ദർശക വിസ അടക്കമുള്ള എല്ലാ വിസക്കാർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നാണ് ഈ റിപ്പോർട്ടിലുടെ വിശദീകരിക്കുന്നത്.
നിബന്ധനകൾ എന്തെല്ലാം?
ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 21 മുതൽ യാത്രാ ഇളവുകൾക്കായി അപേക്ഷിക്കേണ്ടതില്ല. ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ രണ്ട് ഡോസുകൾ എങ്കിലും എടുത്തിരിക്കണം എന്നത് മാത്രമാണ് നിബന്ധന.
യാത്രക്കാർ ഇതിനായി വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന വാക്സിനേഷൻ രേഖ ഹാജരാക്കണം.
ഓസ്ട്രേലിയ അംഗീകരിച്ച് വാക്സിനുകളുടെ ലിസ്റ്റ് ഇവിടെ അറിയാം.
അതേസമയം സംസ്ഥാനങ്ങൾക്കും, ടെറിട്ടറികൾക്കും ആവശ്യമായ നിയന്ത്രണങ്ങളും, നിബന്ധനകളും എർപ്പെടുത്താൻ കഴിയും.
വിക്ടോറിയയിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മൂന്നു ഡോസ് വാക്സിൻ നിർബന്ധമാക്കുമെന്നാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇളവുകൾ ആർക്കെല്ലാം?
ആരോഗ്യകാരണങ്ങളാൽ വാക്സിനേഷൻ എടുക്കാൻ കഴിയാത്തവർക്കും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടാകും. ഇവർ ഇതിനായി ഇംഗ്ലീഷിൽകൺസൾട്ടേഷൻ തയ്യാറാക്കിയ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ പേരിൻറെശദാംവിശങ്ങൾ, മെഡിക്കൽ തീയതി, ആരോഗ്യ അവസ്ഥ എന്നിവ വ്യക്തമാക്കിയിരിക്കണം.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും യാത്രാ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ പോലും ഇവരെ പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവരായാണ് കണക്കാക്കുന്നത്.
വാക്സിനെടുക്കാത്തതും,ഭാഗീകമായി വാക്സിൻ എടുത്തതുമായ 12-17 വയസ്സിലുള്ള കുട്ടികൾക്ക് വാക്സിനെടുത്ത മുതിർന്നവർക്കൊപ്പം ചില സംസ്ഥാനങ്ങളിൽ പ്രവേശനം അനുവദിക്കും.
യാത്രാ മാർഗ്ഗങ്ങൾ
ഓസ്ട്രേലിയ അതിർത്തികൾ പൂർണ്ണമായും തുറക്കുകയാണെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണ്ണ തോതിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ഇന്ത്യൻ അതിർത്തികൾ പരിമിതമായി മാത്രമാണ് ഇപ്പോഴും തുറന്നിരിക്കുന്നത്.
ക്വാറൻറൈൻ എവിടെയെല്ലാം?
വെസ്റ്റേൺ ഓസ്‌ട്രേലിയ ഒഴികെയുള്ള, എല്ലാ സംസ്ഥാനങ്ങളും, ടെറിട്ടറികളും വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറൻറൈൻ രഹിത യാത്ര അനുവദിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറൻറൈൻ ആവശ്യമാണെന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ നിബന്ധന.
അതിർത്തികൾ ഫെബ്രുവരി 5ന് പൂർണ്ണായും തുറക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം അനന്തമായി നീളുകയാണ്.
കടപ്പാട്: SBS മലയാളം