ഓസ്‌ട്രേലിയയിൽ പ്രായമേറിയവർക്ക് ഫൈസർ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി

ഓസ്‌ട്രേലിയയിൽ അടുത്ത മാസം മുതൽ നൽകി തുടങ്ങുന്ന ഫൈസർ ബയോൺടെക് വാക്‌സിൻ പ്രായമേറിയവർക്ക് നൽകുന്നതിൽ കൂടുതലായുള്ള അപകട സാധ്യതകൾ ഇല്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി.

രാജ്യത്ത് ഫെബ്രുവരി അവസാനം മുതലാണ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിട്രേഷന്റെ ഫൈസർ ബയോൺടെക് വാക്സിനാണ് ഓസ്‌ട്രേലിയയിൽ അനുമതി ലഭിച്ചിരിക്കുന്നത്.

എന്നാൽ ഈ വാക്‌സിൻ പ്രായമേറിയവർക്ക് നൽകുന്നതിൽ അപകട സാധ്യതയുണ്ടെന്ന് നോർവെ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു.

രാജ്യത്ത് വാക്‌സിൻ എടുത്ത 30 പേർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടുകയും ഇവർ മരണമടയുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മരിച്ച എല്ലാവരും നഴ്‌സിംഗ് ഹോമിൽ കഴിയുന്ന 80 വയസ്സിന് മേൽ പ്രായമായവരാണ്.

നോർവെയുടെ ഈ ആശങ്കയെത്തുടർന്ന് ഓസ്‌ട്രേലിയയും ഫൈസർ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു.

പ്രായമേറിയവർക്ക് ഫൈസർ വാക്‌സിൻ നൽകുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ച് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ഫൈസറുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണെന്നും TGA അറിയിച്ചിരുന്നു.

എന്നാൽ നോർവെയിൽ പ്രായമേറിയവരുടെ മരണവും വാക്‌സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് TGA കണ്ടെത്തി.

അതുകൊണ്ട് തന്നെ പ്രായമുള്ളവർക്ക് ഫൈസർ ബയോൺടെക് വാക്‌സിൻ സുരക്ഷാഭീഷണികൾ ഉയർത്തുന്നില്ലെന്ന് TGA അറിയിച്ചു.

16 വയസ്സിന് മേൽ പ്രായമായവർക്ക് നൽകുന്ന വാക്‌സിന് പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും TGA വ്യക്തമാക്കി.

ഓസ്ട്രേലിയ ഫൈസർ വാക്‌സിന്റെ 10 മില്യൺ ഡോസാണ് ഓർഡർ ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റൈൻ കേന്ദ്രത്തിലെ ജീവനക്കാർക്കും ഏജ്ഡ് കെയർ ജീവനക്കാർക്കുമാണ് മുൻഗണന.

കടപ്പാട്: SBS മലയാളം

Related Articles

Back to top button