ഓസ്‌ട്രേലിയയിൽ മൊഡേണ ബൂസ്റ്റർ വാക്‌സിന് താത്കാലിക അനുമതി

ഓസ്‌ട്രേലിയയിൽ മൊഡേണ വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ താത്കാലിക അനുമതി ലഭിച്ചു. ATAGIയുടെ അനുമതി കൂടി ലഭിച്ചാൽ വാക്‌സിൻ വിതരണം ചെയ്യും.

രാജ്യത്ത് ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് വിതരണം പുരോഗമിക്കുകയാണ്.

ഫൈസറിന്റെ ബൂസ്റ്റർ വാക്‌സിന് മാത്രമാണ് നിലവിൽ വിതരണാനുമതി ലഭിച്ചിരിക്കുന്നത്.

മൊഡേണ കമ്പനിയുടെ ബൂസ്റ്റർ വാക്‌സിനും ഇപ്പോൾ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ താത്കാലിക അനുമതി നൽകിയിരിക്കുകയാണ്.

ATAGIയുടെ അനുമതി കൂടി ലഭിച്ചാൽ രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ ATAGI തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ഇതോടെ ഓസ്‌ട്രേലിയയിലെ ജനങ്ങൾക്ക് ബൂസ്റ്റർ വാക്‌സിനായി ഫൈസറോ മൊഡേണയോ തെരഞ്ഞെടുക്കാം.

അന്തിമ അനുമതി ലഭിച്ചാൽ, ഓസ്‌ട്രേലിയയിൽ 18 വയസിന് മേൽ പ്രായമായവർക്കാണ് ബൂസ്റ്റർ വാക്‌സിൻ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നത്.

ആദ്യ രണ്ട് ഡോസുകളും മൊഡേണ സ്വീകരിക്കാത്തവർക്കും ഈ ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാം.

മൊഡേണയുടെ 25 മില്യൺ ഡോസുകളാണ് ഓസ്ട്രേലിയ വാങ്ങിയിരിക്കുന്നത്. ഇതിൽ 15 മില്യൺ, 2022ന്റെ ആദ്യ പകുതിയിൽ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ പേർക്ക് ഫൈസർ വാക്‌സിന്റെ ബൂസ്റ്റർ ഡോസുകൾ ലഭിച്ചു കഴിഞ്ഞു.

ഇതിന് പുറമെ, അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ വാക്‌സിന് TGA കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ATAGIയുടെ അനുമതി ലഭിച്ച ശേഷമാകും വാക്‌സിൻ വിതരണം ചെയ്യുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version