മെൽബണിൽ നിർമ്മിച്ച ആസ്ട്രസെനക്ക ഡോസുകൾക്ക് TGA അനുമതി
മെൽബണിൽ നിർമ്മിച്ച 832,000 ആസ്ട്രസെനക്ക കൊവിഡ് വാക്‌സിൻ ഡോസുകൾക്ക് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ വിതരണാനുമതി ലഭിച്ചു.
മെൽബണിലെ CSL – സെക്കിറസിൽ നിർമ്മിച്ച ആദ്യ നാല് ബാച്ച് ആസ്ട്രസേനക്ക കൊവിഡ് വാക്‌സിനാണ് TGA വിതരണാനുമതി നൽകിയത്.
പ്രാദേശികമായി നിർമ്മിക്കുന്ന ഓരോ ബാച്ചും TGA പരിശോധിച്ച് അനുമതി നൽകണം. ഇതിന് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ.
ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ ലഭിച്ച ഒരു വാക്‌സിൻ ഇത്രയധികം ഡോസുകൾ വിതരണം ചെയ്യുന്നത്.
മെൽബണിലെ ബ്രോഡ്മെഡോസിലുള്ള CSL കേന്ദ്രത്തിലാണ് വാക്‌സിൻ നിർമ്മിക്കുന്നത്. നിർമാണത്തിന് ശേഷം ഇവ പാർക്ക്വില്ലിൽ വച്ച് പാക്ക് ചെയ്യും.
ആസ്ട്രസെനക്ക വാക്‌സിൻ പ്രാദേശികമായി നിർമ്മിക്കാൻ TGA ഞായറാഴ്ചയാണ് അനുമതി നൽകിയത്.
രാജ്യത്ത് തന്നെ വാക്‌സിൻ നിർമ്മിക്കുന്നത് വഴി കൂടുതൽ ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് TGA പറഞ്ഞു.
ആസ്ട്രസെനക്കയുടെ 50 മില്യൺ ഡോസുകൾ രാജ്യത്ത് നിർമ്മിക്കാനാണ് സർക്കാർ പദ്ധതി.
രാജ്യത്ത് വാക്‌സിനേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം (1b) തിങ്കളാഴ്ച ആരംഭിച്ചിരുന്നു.
നാലായിരത്തിലേറെ ജി പി ക്ലിനിക്കുകളും റെസ്പിറേറ്ററി ക്ലിനിക്കുകളും വഴി വാക്‌സിൻ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും അടുത്ത ജി പി ക്ലിനിക്കുകളിൽ വാക്‌സിനേഷനായി ബുക്ക് ചെയ്യാൻ ഒരു വെബ്സൈറ്റും സർക്കാർ തുടങ്ങിയിട്ടുണ്ട്.
കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനായി 100 കോമൺവെൽത് ക്ലിനിക്കുകൾ വഴിയും വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലിനിക്കുകൾ വഴിയും ആഴ്ചയിൽ ശരാശരി ആയിരം ഡോസുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും ഇതിലൂടെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കടപ്പാട്: SBS മലയാളം