ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കും കൊവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നതിന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി.
അഞ്ചു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍, വാക്‌സിനേഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടെക്ടിനക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (ATAGI) ഇതുവരെയും അന്തിമ അനുമതി നല്‍കിയിട്ടില്ല. ATAGIയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.
അതിനിടെ, പൊതുഗതാഗത സംവിധാനത്തില്‍ നിര്‍ബന്ധിത മാസ്‌ക് ഉപയോഗം നിര്‍ത്തലാക്കാന്‍ ക്വീന്‍സ്ലാന്‌റും തീരുമാനിച്ചു. പ്ലാറ്റ്‌ഫോമുകളിലും മറ്റും വാഹനം കാത്തുനില്ക്കുമ്പോഴും മാസ്‌ക് ഉപയോഗിക്കേണ്ടതില്ല.
ഇതോടെ, വിക്ടോറിയയിലും ACTയിലും മാത്രമാണ് പൊതുവാഹനങ്ങളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമായി തുടരുന്നത്.
കൊവിഡ് വൈറസിന്റെ രണ്ട് പുതിയ ഉപവേരിയന്റുകളുടെ വ്യാപനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യ ഗവേഷകര്‍.
BF7 എന്നും, BA.5.2.1.7 എന്നു അറിയപ്പെടുന്ന ഉപവേരിയന്റാണ് ഇത്.
ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം അതിവേഗം പടരുന്നത്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ BA.4.6 എന്ന വകഭേദവും വ്യാപിക്കുന്നുണ്ട്.
കടപ്പാട്: SBS മലയാളം