മെൽബണിലെ സബർബുകളിൽ പൈപ്പ് വെള്ളം കുടിക്കരുതെന്ന് ആരോഗ്യ വകുപ്പ്

മെൽബണിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലം പൈപ്പ് വെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് ചിലയിടങ്ങളിൽ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

മെൽബൺറെ കിഴക്ക് ഭാഗത്തുള്ള ചില പ്രദേശങ്ങളിലാണ് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് യാരാ വാലി വാട്ടറും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കലിസ്റ്റാ, ഷെർബ്രൂക്, പാച്ച് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ചയിൽ ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലം കുടിവെള്ള ടാങ്കിലെ ഉപകരണത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് മൂലം കുടിവെള്ള വിതരണ സംവിധാനത്തിലേക്ക് സുരക്ഷിതമല്ലാത്ത ജലം ഒഴുകിയെത്തിയിട്ടുണ്ട്. ഇത് പൈപ്പിലേക്കും എത്താനുള്ള സാധ്യതകൾ കണക്കിലെടുത്താണ് മുന്നറിയിപ്പെന്ന് യാരാ വാട്ടർ വാലി അറിയിച്ചു.

അതിനാൽ സുരക്ഷിതമാണെന്ന അറിയിപ്പ് ലഭിക്കും വരെ താഴെ പറയുന്ന കാര്യങ്ങൾക്കായി പൈപ്പ് വെള്ളം ഉപയോഗിക്കാൻ പാടില്ല.

കുടിക്കാൻ, പാചകം ചെയ്യാൻ, കഴുകാൻ, കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കാൻ, പല്ലുതേയ്ക്കാൻ, ഐസ് ഉണ്ടാക്കാൻ, പാനീയങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, കുളിക്കുമ്പോൾ ഈ വെള്ളം അറിയാതെ വായിൽ പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വളർത്തുമൃഗങ്ങൾക്കും, കന്നുകാലികൾക്കും ഈ വെള്ളം നൽകരുതെന്നാണ് നിർദ്ദേശം.

പൈപ്പിലൂടെ വരുന്ന വെള്ളം തിളപ്പിച്ചാലും ഇതിലെ മാലിന്യം ഇല്ലാതാവില്ലെന്നും യാരാ വാലി വാട്ടർ വ്യക്തമാക്കി.

ബുധനാഴ്ച വെളുപ്പിനെ രണ്ടരക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്കെങ്കിലും മുന്നറിയിപ്പ് നിലനിൽക്കുമെന്നാണ് യാരാ വാലി വാട്ടർ അറിയിച്ചിരിക്കുന്നത്.

പാച്ച് ഹോൾ, കലിസ്റ്റാ പബ്ലിക് ഹോൾ എന്നിവിടങ്ങളിൽ അടിയന്തര ഘട്ടത്തിൽ കുടിവെള്ളം ലഭ്യമാണ്.

ആവശ്യമുള്ളവർക്ക് പാത്രങ്ങളുമായി വന്ന് ടാങ്കറിൽ നിന്ന് വെള്ളം നിറയ്ക്കാവുന്നതാണ്.

സൂപ്പർമാർക്കറ്റുകളിൽ നിന്ന് കുപ്പിയിലുള്ള വെള്ളം വാങ്ങി ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വെള്ളം ഉപയോഗിച്ചത് വഴി എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version