തമിഴ് കുടുംബത്തെ ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു

നാടുകടത്തൽ നടപടി നേരിടുന്ന തമിഴ് കുടുംബത്തെ ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു. ഇവർക്ക് താത്കാലികമായി പെർത്തിൽ ജീവിക്കാൻ ഫെഡറൽ സർക്കാർ അനുവാദം നൽകി.

നാടുകടത്തല്‍ നടപടിക്കിടെ കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ തമിഴ് ദമ്പതികളെയും, ഓസ്‌ട്രേലിയയില്‍ ജനിച്ച അവരുടെ രണ്ട് പെണ്‍കുട്ടികളെയും 2019 മുതൽ ക്രിസ്ത്മസ് ഐലന്റില്‍ പാര്‍പ്പിച്ചത്.

പ്രിയ, നടേശലിംഗം, ആറ് വയസുകാരി കോപിക, നാല് വയസുകാരി തരുണിക്ക എന്നിവർ രണ്ട് വർഷമായി ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുകയാണ്.

തരുണിക്കയ്ക്ക് രക്തത്തിൽ അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് തരുണിക്കയെയും അമ്മ പ്രിയയെയും കഴിഞ്ഞയാഴ്ച പെർത്തിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് ഇവരെ മോചിപ്പിക്കണമെന്ന് ആശുപത്രിയിൽ വച്ച് പ്രിയ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

തരുണിക്കയുടെ അച്ഛൻ നടേശലിംഗവും, സഹോദരി കോപികയും അഭയാർത്ഥി കേന്ദ്രത്തിൽ തന്നെ കഴിയുകയായിരുന്നു. ഇവരെ ഇവിടെ നിന്ന് മോചിപ്പിച്ച് പെർത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

ഇതേതുടർന്നാണ് കുടുംബത്തിന് പെർത്തിൽ ജീവിക്കാൻ അനുവാദം നൽകിക്കൊണ്ട് ചൊവ്വാഴ്ച രാവിലെ കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്കിന്റെ പ്രഖ്യാപനം.

ഇതോടെ, ഇപ്പോൾ ക്രിസ്മസ് ഐലന്റിൽ കഴിയുന്ന നടേശലിംഗത്തെയും മകൾ കോപികയെയും അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ച് പെർത്തിലെത്തിക്കും.

പെർത്തിലെ കമ്മ്യൂണിറ്റി ഡിറ്റൻഷൻ പ്ലേസ്മെന്റ് വഴി ഇവർക്ക് താത്കാലികമായി പെർത്തിൽ ജീവിക്കാം. സ്കൂളുകളുടെയും, മറ്റ് സേവനങ്ങളുടെയും സമീപത്താകും ഇവർക്ക് താമസ സൗകര്യം ഒരുക്കുന്നതെന്ന് അലക്സ് ഹോക്ക് അറിയിച്ചു.

മാത്രമല്ല, തരുണിക്കയ്ക്ക് പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ തുടരും.

അതേസമയം, അഭയാർത്ഥി കേന്ദ്രത്തിൽ നിന്നുള്ള ഇവരുടെ മോചനം ഓസ്‌ട്രേലിയയിൽ സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ലെന്ന് മന്ത്രി അലക്സ് ഹോക്ക് വ്യക്തമാക്കി.

മാനുഷിക പരിഗണനനൽകിയാണ് ഈ തീരുമാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടെ ഇവരുടെ നാടുകടത്തലുമായി ബന്ധപ്പെട്ടുള്ള നിയമനടപടികൾ പുരോഗമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവരെ ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ഫെഡറല്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് തയ്യാറായിരുന്നില്ല.

ക്വീൻസ്ലാന്റിലെ ബിലോയിലയിൽ നിന്നാണ് ഇവരെ ക്രിസ്ത്മസ് ഐലന്റിലേക്ക് മാറ്റിയത്. ഇതിനെതിരെ ബിലോയില സമൂഹവും രംഗത്തെത്തിയിരുന്നു. ഇവരെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കുമെന്ന ഫെഡറൽ സർക്കാർ പ്രഖ്യാപനം ഇവരെ പിന്തുണയ്ക്കുന്നവർ സ്വാഗതം ചെയ്തു.

കടപ്പാട്: SBS മലയാളം

Exit mobile version