ന്യൂ സൗത്ത് വെയിൽസിൽ 112 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച ഒരു സിഡ്‌നിക്കാരൻ വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധ കുതിച്ചുയരുകയാണ്. സർക്കാർ ആശങ്കപ്പെട്ടതുപോലെ തന്നെ 112 പുതിയ വൈറസ് ബാധയാണ് കഴിഞ്ഞ 24 മണിക്കൂറിൽ സിഡ്‌നിയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ബോണ്ടായി ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ടത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
ഇതിൽ 34 പേർ സമൂഹത്തിൽ ഉണ്ടായിരുന്നുവെന്നാണ് സർക്കാർ അറിയിച്ചത്. ഉറവിടം കണ്ടെത്താത്ത 48 രോഗബാധയാനുള്ളത്.
സംസ്ഥാനത്ത് രോഗബാധ കൂടുന്ന സാഹചര്യത്തിൽ നിശ്ചയിച്ച പ്രകാരം ലോക്ക്ഡൗൺ വെള്ളിയാഴ്ച അവസാനിക്കുന്ന കാര്യം സംശയമാണെന്ന് പ്രീമിയർ സൂചിപ്പിച്ചു.
കൊവിഡ് ബാധിച്ച് 63 പേരാണ് സംസ്ഥാനത്ത് ആശുപത്രിയിൽ കഴിയുന്നത്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫെയർഫീൽഡ്, കാന്റർബറി-ബാങ്ക്സ്‌ടൗൺ, ലിവർപൂൾ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധയുള്ളതെന്നും ഇവിടെയുള്ളവർ അവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇവിടെയുള്ള ഏജ്ഡ് കെയർ ജീവനക്കാർക്കും അധ്യാപകർക്കും വാക്‌സിനേഷന് മുൻഗണന നൽകുമെന്ന് പ്രീമിയർ അറിയിച്ചു.
ഇവർക്കായി ഫെയർഫീൽഡ് ഷോഗ്രൗണ്ടിൽ വെള്ളിയാഴ്ച മുതൽ വാക്‌സിനേഷൻ ഹബ് തുടങ്ങുമെന്ന് പ്രീമിയർ അറിയിച്ചു.
കൂടാതെ സംസ്ഥാനത്ത് വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായവർ ഉടൻ വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 77 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. മാത്രമല്ല ഡിസംബറിന് ശേഷം ഒരു കൊവിഡ് മരണവും ന്യൂ സൗത്ത് വെയിൽസിൽ സ്ഥിരീകരിച്ചു.
90 വയസ്സിന് മേൽ പ്രായമായ ഒരു സ്ത്രീയാണ് മരിച്ചത്.
സിഡ്‌നിയിലെ വൈറസ്ബാധ 100ൽ കൂടുതൽ ആയില്ലെങ്കിലെ അത്ഭുതമുള്ളുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ ഞായറാഴ്ച അറിയിച്ചിരുന്നു.
വൈറസ്ബാധ വർദ്ധിക്കുന്നതിനെത്തുടർന്ന് ന്യൂ സൗത്ത് വെയിൽസും ACT യുമായുള്ള അതിർത്തി വിക്ടോറിയ ഞായറാഴ്ച അടച്ചു.
ഇതിനിടെ വൈറസ്ബാധ സ്ഥിരീകരിച്ച ഒരാൾ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയയിലേക്കും സൗത്ത് ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്തതായി NSW ആരോഗ്യ വകുപ്പ് അറിയിച്ചു.
റിമൂവലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇയാൾ ജോലിയുടെ ഭാഗമായാണ് ഇവിടം സന്ദർശിച്ചത്.
ഇയാൾ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
കടപ്പാട്: SBS മലയാളം