സിഡ്നിയിലെ ബോണ്ടായി ക്ലസ്റ്ററിലുള്ള കൊവിഡ് കേസുകളുടെ എണ്ണം 11 ആയി. വരും ദിവസങ്ങൾ നിർണ്ണായകമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
വിമാനത്താവളത്തിലെ ഒരു ഡ്രൈവറിൽ നിന്ന് തുടങ്ങിയ സിഡ്നിയിലെ പുതിയ ക്ലസ്റ്ററിൽ എല്ലാ ദിവസവും പുതിയ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ രണ്ട് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു.
ഇതോടെ ക്ലസ്റ്ററിലെ ആകെ കേസുകൾ 11 ആയിട്ടുണ്ട്.
വടക്കൻ സിഡ്നിയിലെ 50 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീക്കും, കിഴക്കൻ സബർബിലുള്ള 30 വയസിനു മേൽ പ്രായമുള്ള പുരുഷനുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
രണ്ടു പേരും മുമ്പ് സ്ഥിരീകരിച്ച കേസുകളുമായി അടുത്ത ബന്ധമുള്ളവരാണ്.
ഇരുവരും ഐസൊലേഷനിലായിരുന്നുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ഓരോ ദിവസവും പുതിയ കേസുകൾ സ്ഥിരീകരിക്കുന്നതിനാൽ വരും ദിവസങ്ങൾ കൂടുതൽ നിർണ്ണായകമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ദിവസം 40,000 പേർ വീതമെങ്കിലും പരിശോധന നടത്തണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഞായറാഴ്ച അറിയിച്ചിരുന്നു.
വൈറസ് ബാധിച്ച എല്ലാവരെയും എത്രയും വേഗം തന്നെ കണ്ടെത്തുക എന്നതാണ് സർക്കാർ സ്വീകരിക്കുന്ന നടപടിയെന്നും പ്രീമിയർ പറഞ്ഞു.
അതിനിടെ സിഡ്നിയിൽ കൂടുതൽ പ്രദേശങ്ങൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ബോക്കം ഹിൽസിലെ ഒരു പെട്രോൾ സ്റ്റേഷനും ടെംപിലുള്ള സാൽവോസ് സ്റ്റോറുമാണ് രോഗബാധിതർ സന്ദർശിച്ചത്.
സിഡ്നി നഗരത്തിലുൾപ്പെടെ മാസ്ക് ധരിക്കുന്നത് കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്.
സിഡ്നി നഗരത്തിനു പുറമേ, റാൻഡ്വിക്ക്, ബേസൈഡ്, ബോട്ടണി, ഇന്നർ വെസ്റ്റ്, വേവർലി, വൂലാര എന്നിവിടങ്ങളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ.
കടപ്പാട്: SBS മലയാളം