കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ അഞ്ചിൽ ഒരാൾ ജോലി ഉപേക്ഷിച്ചു
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ അഞ്ചിൽ ഒരാൾ വീതം ജോലി ഉപേക്ഷിച്ചതായി പഠന റിപ്പോർട്ട്.
വർക്ക്-ലൈഫ് ബാലൻസ്, തൊഴിൽ സംതൃപ്തി കുറവ്, ജോലി സമ്മർദ്ദം എന്നിവക്കൊപ്പം, പുതിയ ജോലി കണ്ടെത്താനകുമെന്ന ആത്മവിശ്വാസവും ജോലി ഉപേക്ഷിക്കുന്നതിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് മഹാമാരി തൊഴിൽ മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെ പറ്റി നിരവധി പഠനങ്ങൾ പുറത്തു വന്നിരുന്നു. കൊവിഡ് കാലം ‘രാജി വെക്കലിൻറെ’ കൂടി കാലമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ അഞ്ചിൽ ഒരാൾ ജോലി ഉപേക്ഷിച്ചതായി അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോർട്ട് പറയുന്നു.
നാലിൽ ഒരാൾ നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നതിനെ പറ്റി ആലോചിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
അമേരിക്കയിൽ കഴിഞ്ഞ വർഷം മൂന്നരക്കോടിയിലേറപ്പേർ രാജിവെച്ച പ്രവണതയെ വിശേഷിപ്പിച്ചത് ‘ഗ്രേറ്റ് റസിഗ്നേഷൻ’ എന്നായിരുന്നു. സമാന സാഹചര്യം ഓസ്ട്രേലിയയിലുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നാഷണൽ ഓസ്‌ട്രേലിയ ബാങ്കാണ് (NAB) തൊഴിൽ മാറ്റം സംബന്ധിച്ച സർവ്വേ റിപ്പോർട്ട് പുറത്തു വിട്ടത്. തൊഴിലുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കൊവിഡ് മഹാമാരി വലിയ സ്വാധീനം ചെലുത്തിയതായി സർവ്വേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും അഭിപ്രായപ്പെട്ടു.
വ്യത്യസ്ത കാര്യങ്ങളാണ് തൊഴിൽ മാറ്റത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 30 ശതമാനം ആളുകൾ സംതൃപ്തി കുറവാണ് ജോലിമാറ്റത്തിന് കാരണമെന്ന് സൂചിപ്പിച്ചപ്പോൾ, 29 ശതമാനം പേർ കരിയർ പുരോഗതിയുടെ കുറവാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാക്കി.
നിലവിലെ ജോലി മാനസികാരോഗ്യത്തിലുണ്ടാക്കുന്ന സ്വാധീനം പരിഗണിച്ച് 29 ശതമാനം പേർ തൊഴിൽ ഉപേക്ഷിച്ചു. കുറഞ്ഞ വേതന നിരക്ക് 27 ശതമാനം ആളുകളെ ജോലി മാറാൻ പ്രേരിപ്പിച്ചുവെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി 1,200-ലധികം ഓസ്‌ട്രേലിയക്കാരിലാണ് NAB സർവേ നടത്തിയത്.
വർക്ക്-ലൈഫ് ബാലൻസ്, ജോലി സമ്മർദ്ദം, പുതിയ തുടക്കം വേണമെന്ന തോന്നലുമൊക്കെയാണ് മറ്റ് പ്രധാനപ്പെട്ട കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പത്തിൽ മൂന്ന് ഓസ്‌ട്രേലിയക്കാർ തൊഴിൽ മേഖല തന്നെ മാറാൻ പദ്ധതിയിടുന്നതായി NAB ബിസിനസ് ബാങ്ക് എക്‌സിക്യൂട്ടീവ് ജൂലി റിൻസ്‌കി പറഞ്ഞു.
“കൊവിഡ് മഹാമാരി ഓസ്‌ട്രേലിയൻ തൊഴിലാളികളുടെ പ്രതീക്ഷകളെ സ്വാധീനിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിലനിർത്താൻ തൊഴിലുടമകൾ കൂടുതൽ പരിശ്രമിക്കേണ്ടി വരുമെന്നാണ് സർവ്വേഫലം സൂചിപ്പിക്കുന്നതെന്നും ജൂലി ചൂണ്ടിക്കാട്ടി.
അവിദഗ്ധ തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം മികച്ചതായിരുന്നതായും NABൻറെ സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
കൊവിഡിനെ തുടർന്ന് രാജ്യത്തുടനീളമുണ്ടായ തൊഴിലാളി ക്ഷാമവും രാജി പ്രഖ്യാപനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ചാലും പുതിയ ജോലി കണ്ടെത്താനാകുമെന്ന ആത്മവിശ്വാസം ആളുകൾക്കുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
കടപ്പാട്: SBS മലയാളം