മാസ്ക് ഉപയോഗിക്കുന്നവർക്ക് കൂടൂതൽ ആകർഷണീതയുണ്ടെന്നു പഠന റിപ്പോർട്ട്

മാസ്കുകൾ നമ്മളെ കൂടുതൽ ആകർഷകമാക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കാഡിഫ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് സൗന്ദര്യ വർദ്ധനവിൽ മാസ്കുകൾക്കുള്ള പങ്ക് വെളിപ്പെട്ടത്.

മാസ്ക് ഉപയോഗിക്കാത്തവരേക്കാൾ മാസ്ക് ഉപയോഗിക്കുന്നവർക്ക് കൂടൂതൽ ആകർഷണീതയുണ്ടെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. മാസ്ക് ധരിക്കുമ്പോൾ കണ്ണിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകാം ആകർഷണീയത വർദ്ധിക്കാൻ കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മുഖത്തിൻറെ ഇടതോ വലതോ ഭാഗങ്ങൾ മറയ്ക്കപ്പെടുമ്പോൾ കൂടുതൽ സുന്ദരമായി തോന്നുമെന്ന് മറ്റ് പഠനങ്ങളെ ഉദ്ധരിച്ച് കാഡിഫ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏതെങ്കിലുമൊരു മാസ്ക് ധരിച്ചാൽ ആകർഷകത്വം കൂടില്ല കേട്ടോ… മാസ്കുകളുടെ നിറത്തിലും കാര്യമുണ്ട്. ഇളം നീല നിറത്തിലുള്ള സർജിക്കൽ മാസ്ക് ആണ് ഏറ്റവും ആകർഷണീയത നൽകുന്നത്.

നാൽപ്പത്തി മൂന്ന് സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞടുത്തത്.

ഇവർക്ക് മുൻപിൽ മെഡിക്കൽ മാസ്‌ക്, തുണി മാസ്‌ക്, പുസ്തകം എന്നിവ കൊണ്ട് മറച്ച പുരുഷ മുഖങ്ങളെ കാണിച്ചു. കാണാനുള്ള ഭംഗിയുടെ അടിസ്ഥാനത്തിൽ ഇവരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആകർഷകത്വത്തിൻറ അടിസ്ഥാനത്തിൽ ഒന്നു മുതൽ പത്തുവരെ മാർക്ക് നൽകാനായിരുന്നു നിർദ്ദേശം.

മെഡിക്കൽ മാസ്‌കുകൾ കൊണ്ട് മുഖം മറക്കുമ്പോൾ അവ ഏറ്റവും ആകർഷകമായി കണക്കാക്കപ്പെട്ടുവെന്നായിരുന്നു പഠന ഫലം. മറയ്ക്കാത്ത മുഖത്തിനേക്കാൾ തുണി മാസ്‌കുകൊണ്ട് മറച്ച മുഖങ്ങൾ കൂടുതൽ ആകർഷകമാണെന്നും ഫലങ്ങൾ കാണിക്കുന്നു.

പഠന റിപ്പോർട്ട് കോഗ്നിറ്റീവ് റിസർച്ച് : പ്രിൻസിപ്പൾസ് ആൻഡ് ഇംപ്ലിക്കേഷൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു പഠനത്തിൻറ ആദ്യ ഭാഗം നടന്നത്. ഇതിൻറെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പുരുഷൻമാരിലും ഇതേ സർവ്വേ ആവർത്തിച്ചെങ്കിലും റിസൽട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

മാസ്കിനോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടായതായും പഠനഫലം ചൂണ്ടിക്കാട്ടുന്നു. കോവിഡിന് മുൻപ് മാസ്ക് ധരിച്ചവരെ കണ്ടാൽ മിക്കവരും അകലം പാലിക്കാൻ ശ്രമിച്ചിരുന്നു. അവർക്ക് രോഗമുണ്ടെന്ന ധാരണയിലായിരുന്നു ഈ അകലം പാലിക്കൽ.

എന്നാൽ ഇപ്പോൾ, മാസ്ക് ധരിക്കുന്നത് സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയെ കരുതിയുമാണെന്നുള്ള പോസിറ്റീവ് ചിന്തയിലേക്ക് കാര്യങ്ങൾ മാറിയതായും പഠനം പറയുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version