വെസ്റ്റേൺ ഓസ്ട്രേലിയയിലെ സ്കൂളുകളിൽ ഹിന്ദിയും തമിഴും പഠനഭാഷകളാക്കുന്നു

ഹിന്ദിയും തമിഴും കൊറിയനും സ്കൂളുകളിലെ പഠന ഭാഷയാക്കി ഉൾപ്പെടുത്താൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ തീരുമാനിച്ചു.

വെസ്റ്റേൺ ഓസ്ട്രേലിയൻ സ്കൂളുകളിലെ ഏഷ്യൻ ഭാഷാ വൈവിധ്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കൂടുതൽ ഭാഷകൾ സിലബസിൽ ഉൾപ്പെടുത്തിയത്.

2023 മുതൽ ഹിന്ദിയും, തമിഴും, കൊറിയനും പഠനഭാഷകളാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഈ വർഷം ജൂലൈ മുതൽ തന്നെ നടപടിക്രമങ്ങൾ തുടങ്ങുമെന്നും, 2023ലാകും ഇത് വിദ്യാർത്ഥികൾക്ക് ലഭ്യമാകുകയെന്നും സംസ്ഥാന വിദ്യാഭ്യാസമന്ത്രി സ്യൂ എല്ലെറി പറഞ്ഞു.

സംസ്ഥാനത്തിന്റെ ബഹുസ്വരത കൂടുതൽ സജീവമാക്കാനും, വിദ്യാർത്ഥികൾക്ക് ഭാഷാ പഠനത്തിനുള്ള അവസരം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള പബ്ലിക് സ്കൂൾ വിദ്യാർത്ഥികളെല്ലാം സംസ്ഥാനത്ത് ഇംഗ്ലീഷിന് പുറമേ ഒരു ഭാഷ കൂടി പഠിക്കുന്നുണ്ട്.

വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആകെ 190 ഭാഷകൾ സംസാരിക്കുന്നുണ്ട് എന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഹിന്ദി, കൊറിയൻ പഠനത്തിനുള്ള പാഠ്യപദ്ധതി രണ്ടു തലങ്ങളിലയാണ് തയ്യാറാക്കുന്നത്.

പ്രീ സ്കൂൾ മുതൽ പത്താം ക്ലാസ് വരെയുള്ള സിലബസ് ഓസ്ട്രേലിയൻ കരിക്കുലം, അസസ്മെന്റ് ആനറ് റിപ്പോർട്ടിംഗ് അതോറിറ്റി തയ്യാറാക്കുന്നതിൽ നിന്നാകും നടപ്പാക്കുക. 11, 12 ക്ലാസുകളിലെ പാഠ്യപദ്ധതി വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ തന്നെ തയ്യാറാക്കും.

തമിഴ് സിലബസ് പൂർണമായും സംസ്ഥാനത്താണ് തയ്യാറാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിറ്റി ലാംഗ്വേജസ് പദ്ധതിക്ക് പുറമേയായിരിക്കും ഹിന്ദിയും തമിഴുമെല്ലാം സ്കൂളുകളിൽ പഠിപ്പിക്കുന്നതെന്ന് മൾട്ടികൾച്ചറൽ മന്ത്രി പോൾ പാപ്പലിയ പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ളതാണെന്നും, അത് മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതാകും പുതിയ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version