വിദേശയാത്ര ചെയ്യാത്ത വിദ്യാർത്ഥിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

സിഡ്നിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് സമൂഹത്തിലെത്തിയെന്ന് ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.

പശ്ചിമ സിഡ്നിയിലെ റീജന്റ്സ് പാർക്കിലുള്ള ഒരു വിദ്യാർത്ഥിക്കാണ് ഒമിക്രോൺ വൈറസ്ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഒമ്പതാമത്തെ ഒമിക്രോൺ ബാധയാണ് ഇത്.

റീജന്റ്സ് പാർക്ക് ക്രിസ്റ്റ്യൻ സ്കൂളിലുള്ള ഈ വിദ്യാർത്ഥി അടുത്ത കാലത്ത് വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലെന്ന് NSW ആരോഗ്യവകുപ്പ് അറിയിച്ചു.

വിദേശത്തു നിന്ന് തിരിച്ചെത്തിയ ആരുമായും ഈ വിദ്യാർത്ഥിക്ക് സമ്പർക്കമുണ്ടായിട്ടുമില്ല.

ഇതോടെ, സമൂഹത്തിൽ നിന്നാകാം ഈ സീനിയർ സ്കൂൾ വിദ്യാർത്ഥിക്ക് ഒമിക്രോൺ വൈറസ് ബാധിച്ചത് എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

ഇക്കാര്യം സ്ഥിരീകരിച്ചാൽ, ഓസ്ട്രേലിയയിലെ ആദ്യ പ്രാദേശിക ഒമിക്രോൺ ബാധയാകും ഇത്.

സിഡ്നിയിൽ ഇതിന് മുമ്പ് സ്ഥിരീകരിച്ച എട്ട് ഒമിക്രോൺ കേസുകളും, നോർതേൺ ടെറിട്ടറിയിലെ ഒരു കേസും വിദേശത്തു നിന്ന് സമീപകാലത്ത് തിരിച്ചെത്തിയവരായിരുന്നു.

വൈറസ്ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ റീജന്റ്സ് പാർക്ക് ക്രിസ്റ്റ്യൻ സ്കൂൾ ഈ വർഷത്തേക്ക് അടച്ചിട്ടു. ടേമിന്റെ ഇനിയുള്ള ആഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കില്ല.

സിംഗപ്പൂർ എയർലൈൻസിൽ നവംബർ 28ന് സിഡ്നിയിലേക്കെത്തിയ ഒരാൾക്ക് വ്യാഴാഴ്ച രാത്രി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. ദോഹയിൽ നിന്നെത്തിയ രണ്ടു പേർക്കും കഴിഞ്ഞ ദിവസങ്ങളിൽ പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇവരെല്ലാവരും ഐസൊലേഷനിലാണ്. ആരും സമൂഹത്തിലേക്ക് ഇറങ്ങിയിരുന്നില്ല.

സംസ്ഥാനത്ത് ഇന്ന് 337 പേർക്ക് കൂടി കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു മാസത്തിനു ശേഷമാണ് പ്രതിദിന കേസ് 300ന് മുകളിലേക്ക് എത്തുന്നത്.

എന്നാൽ ഇതിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു. ആശുപത്രികളിലേക്കെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഒമിക്രോൺ വൈറസ് ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ അപകടകാരിയാണ് എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button