ലോക്ക്ഡൗൺ ബാധിച്ച മെൽബൺകാർക്ക് ഫെഡറൽ സർക്കാർ ധനസഹായം

മെൽബണിൽ ലോക്ക്ഡൗൺ മൂലം ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.

ലോക്ക്ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക്, ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്ന സമയത്ത് ആഴ്ചതോറും നൽകുന്ന ‘താത്കാലിക കൊവിഡ് ദുരന്ത ധനസഹായമാണ്’ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്ന സമയങ്ങളിൽ തുടർച്ചയായി വരുമാനം ഇല്ലാതാകുന്നവർക്കാണ് ധനസഹായം. ഗ്രെയ്റ്റർ മെൽബൺ മേഖലയിലുള്ളവർക്കാണ് ഇത് ലഭിക്കുക.

ആഴ്ചയിൽ 500 ഡോളർ വരെയാണ് ഇവർക്ക് ധനസഹായം ലഭിക്കുന്നത്.

സാധാരണയായി ആഴ്ചയിൽ 20 മണിക്കൂറിലേറെ ജോലി ചെയ്തിരുന്നവർക്ക് 500 ഡോളറും, 20 മണിക്കൂറിൽ കുറവ് ജോലി ചെയ്തിരുന്നവരാണെങ്കിൽ 325 ഡോളറുമാണ് ലഭിക്കുക.

കോമൺവെൽത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളിൽ താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുക.

അതായത്, ലോക്ക്ഡൗൺ മൂലം ജോലിക്ക് പോകാൻ കഴിയാതെ വരികയോ, ഇതുവഴി വരുമാനം നഷ്ടമാകുകയോ ചെയ്യുന്നവർക്കാകും ഈ താത്കാലിക ധനസഹായം.

ലോക്ക്ഡൗന്റെ രണ്ടാമത്തെ ആഴ്ചയിൽ നൽകുന്ന ധനസഹായം, പിന്നീട് ഓരോ ആഴ്ചയിലേയും സാഹചര്യം കണക്കിലെടുത്താകും ഈ സഹായം നൽകുന്നത്.

അതേസമയം, താത്കാലിക കൊവിഡ് ദുരന്ത ധനസഹായം ലഭിക്കാൻ ചില മാനദണ്ഡങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

* വരുമാനം നഷ്ടമാകും മുൻപ് 20 മണിക്കൂറിലേറെയോ അതിൽ കുറവോ ജോലി ചെയ്തിരുന്നവരാണെന്ന് തെളിയിക്കണം
* ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടമായെന്ന് തെളിയിക്കണം
* 17 വയസ്സിന് മേൽ പ്രായമായ ഓസ്‌ട്രേലിയക്കാരാവണം
* ഇവർക്ക് ലഭ്യമായ പാൻഡെമിക് സിക്ക് ലീവ് ഉൾപ്പെടെയുള്ള ലീവുകൾ എടുത്തു തീർത്തായി തെളിയിക്കണം
* കൂടാതെ, 10,000 ഡോളറിൽ താഴെ മാത്രമേ ഇവർക്ക് ലിക്വിഡ് അസറ്റ് ആയി ഉള്ളുവെന്നും, മറ്റൊരു ധനസഹായമോ, മഹാമാരികാലത്തെ സാമ്പത്തിക സഹായമോ ലഭിക്കുന്നില്ലെന്ന് തെളിയിക്കണം

മെൽബണിൽ ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്ന അടുത്തയാഴ്ച മുഴുവൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കാണ് ഈ സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇവർക്ക് സർവീസസ് ഓസ്ട്രേലിയ വഴി ചൊവ്വാഴ്ച മുതൽ ധനസഹായത്തിനായി അപേക്ഷിക്കാം.

മറ്റ് സംസ്ഥാനങ്ങളിൽ ഒരാഴ്ചയിലേറെ ലോക്ക്ഡൗൺ നടപ്പാക്കേണ്ട സാഹചര്യം ഉണ്ടാവുകയും, കോമൺവെൽത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകായും ചെയ്യുന്ന സാഹചര്യത്തിലും ഈ ധനസഹായം ലഭിക്കും.

വിക്ടോറിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ചയിൽ തന്നെ ലോക്ക്ഡൗൺ സാരമായി ബാധിച്ച ബിസിനസുകൾക്ക് വിക്ടോറിയൻ സർക്കാർ 250 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഇതുവഴി സാമ്പത്തികമായി ബാധിച്ചിരിക്കുന്ന 90,000 ബിസിനസുകൾക്ക് പിന്തുണ നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഈ സ്‌കീം പ്രകാരം റസ്റ്റോറന്റുകൾ, കഫേകൾ, ഇവന്റ് സപ്ലയർമാർ, താമസസ്ഥലങ്ങൾ, അവശ്യമല്ലാത്ത റീറ്റെയ്ൽ സ്റ്റോറുകൾ ഉൾപ്പെടെ അർഹതയുള്ള ബിനസുകൾക്ക് 2,500 ഡോളർ ഗ്രാന്റ് നൽകും.

മദ്യം വിളമ്പാൻ ലൈസൻസം, ഫുഡ് സർട്ടിഫിക്കറ്റുമുള്ള ഹോസ്പിറ്റാലിറ്റി രംഗത്തുള്ള ബിസിനസുകൾക്ക് 3,500 ഡോളർ വീതം ഗ്രാന്റ് നൽകും.

കൂടാതെ, ഇവന്റ് മാനേജ്‌മന്റ് രംഗത്തുള്ള ബിസിനസുകൾക്ക് 20 മില്യൺ ഡോളർ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ ബിസിനസുകളെ സഹായിക്കാൻ 209 മില്യൺ ഡോളർ അധിക ധനസഹായവും വിക്ടോറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു .

സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി ബാധിച്ചിരിക്കുന്നവരെ സഹായിക്കാൻ ഫെഡറൽ സർക്കാർ തയ്യാറാവണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version