ഷെയിൻ വോണിന് ഓർഡർ ഓഫ് ഓസ്ട്രേലിയ : കോവിഡ് മുന്‍നിര പോരാളികള്‍ക്കും അംഗീകാരം

രാജ്യത്തെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയക്ക് അർഹരായവരിൽ ഷെയിൻ വോണും ആഷ് ബാർട്ടിയും. സാമൂഹിക സേവനരംഗത്തെ മികവിന് ഈ വർഷം 292 പേർക്ക് ആദരവ് ലഭിച്ചു.

ഓസ്‌ട്രേലിയൻ കായിക രംഗത്തെ ഇതിഹാസങ്ങളായ ഷെയിൻ വോണും ആഷ് ബാർട്ടിയും ഉൾപ്പടെ 699 പേർ ഈ വർഷത്തെ ഓർഡർ ഓഫ് ഓസ്‌ട്രേലിയക്ക് അർഹരായി.

കോവിഡ് സമയത്തെ സ്തുത്യർഹ സേവനത്തിന് മുൻ ചീഫ് മെഡിക്കൽ ഓഫീസർ ബ്രെണ്ടൻ മർഫി, ക്വീൻസ്ലാൻഡ് ഗവർണർ ജാനെറ്റ് യങ്, ന്യൂ സൗത്ത് വെയിൽസ്‌ ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാൻറ് എന്നിവരും രാജ്യത്തെ പരമോന്നത ബഹുമതിക്കർഹരായി.

മുൻ ഉപപ്രധാനമന്ത്രിയായിരുന്ന ജോൺ ആൻഡേഴ്‌സണെ ഗ്രാമീണ, പ്രാദേശിക വികസനരംഗത്തെ നേട്ടങ്ങളെയും സേവനങ്ങളെയും കണക്കിലെടുത്ത് അതിവിശിഷ്ട ബഹുമതിയായ കംപാനിയൻ ഓഫ് ഓർഡർ പദവി നൽകി ആദരിച്ചു.

ആൻഡേഴ്‌സൻ, ബ്രെണ്ടൻ മർഫി, ജാനെറ്റ് യങ് എന്നിവർക്ക് പുറമെ ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ജീവകാരുണ്യ പ്രവർത്തനം എന്നീ മേഖലയിലെ സേവനത്തിന് അഞ്ചു പ്രമുഖ വ്യക്തികൾക്ക് കൂടി കംപാനിയൻ ഓഫ് ഓസ്ട്രേലിയ പദവി നൽകി

ഈ വർഷത്തെ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ച 669 പൗരന്മാരിൽ 292 പേർ സാമൂഹിക സേവനത്തിനുള്ള മികവിനാണ് ബഹുമതി കരസ്ഥമാക്കിയത്.

ഓസ്‌ട്രേലിയയുടെ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായിരുന്ന 92 പേർക്കാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചത്.

രാജ്യത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന 307 വനിതകൾ ഓർഡർ ഓഫ് ഓസ്‌ട്രേലിയയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടു.

1975 നു നിലവിൽ വന്ന ഓസ്‌ട്രേലിയൻ ബഹുമതി സംവിധാനത്തിൽ ഇത് രണ്ടാം തവണയാണ് ഇത്രയുമധികം വനിതാ പ്രാതിനിധ്യമുണ്ടാവുന്നത് (46 ശതമാനം).

കടപ്പാട്: SBS മലയാളം

Related Articles

Back to top button