ക്വീൻസ്ലാന്റിൽ വീണ്ടും പേമാരി മുന്നറിയിപ്പ്

ക്വീൻസ്ലാന്റിന്റെ പല പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മെയ് മാസത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ പത്തിരട്ടി മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.

ഏപ്രിലിലെ കനത്ത വെള്ളപ്പൊക്കത്തിന് ശേഷം, ക്വീൻസ്ലാന്റിൽ മെയ് മാസത്തിലും കനത്ത മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം.

ക്വീൻസ്ലാന്റിന്റെ മധ്യ തീരത്തും വടക്കൻ പ്രദേശത്തുമാണ് ഏറ്റവും കൂടുതൽ മഴക്ക് സാധ്യത.

ടൗൺസ്‌വിൽ മുതൽ റോക്ക്‌ഹാംപ്‌ടൺ വരെയും, ലോംഗ്‌റീച്ച്, വിന്റൺ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ച മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും, വ്യാഴാഴ്ച ഏറ്റവും തീവ്രമാകുമെന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

ഇന്ന് രാത്രി മുതൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (ഫ്ലാഷ് ഫ്ലഡ്) സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പലയിടങ്ങളിലും മൂന്ന് ദിവസത്തിൽ 200 മുതൽ 400 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തുടർച്ചയായ മഴയാണ് അപകടസാധ്യത കൂട്ടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് ലോംഗ്‌റീച്ച്, ബാർകാൾഡൈൻ, വിൻഡോറ എന്നീ നദീതടങ്ങൾ വെള്ളത്തിനടിയിലായതായും കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് പൊതുജനം കരുതൽ പാലിക്കണമെന്ന് പ്രീമിയർ അനസ്തേഷ്യ പലാഷേ മുന്നറിയിപ്പ് നൽകി.

മോശം കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി പലാഷേ വെളിയാഴ്ച വ്യക്തമാക്കി.

ഏപ്രിലിൽ വടക്കൻ ക്വീൻസ്ലാന്റിലും, മധ്യ-പടിഞ്ഞാറൻ ക്വീൻസ്ലാന്റിലും കനത്ത വെള്ളപ്പൊക്കത്തിൽ നാശനഷ്ടം ഉണ്ടായവർക്കുള്ള ദുരിതാശ്വാസ സഹായം പത്ത് പ്രാദേശിക മേഖലകളിൽ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് സാമ്പത്തിക പിന്തുണ നൽകുന്നത്.  ജലനിരപ്പ് നിയന്ത്രിക്കാൻ സോമർസെറ്റ് ഡാമിൽ നിന്നും, വൈവൻഹോ ഡാമിൽ നിന്നും ചെറിയ അളവിൽ വെള്ളം തുറന്ന് വിടുമെന്നും അധികൃതർ വ്യക്തമാക്കി. 

കടപ്പാട്: SBS മലയാളം

Exit mobile version