കൊവിഡ് പ്രതിരോധം വ്യക്തിപരമായ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി

കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാറുകൾ അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾക്ക് പകരം വ്യക്തികൾ ഉത്തരവാദിത്വമേറ്റെടുക്കുന്ന സംസ്കാരമാണ് ഓസ്‌ട്രേലിയയിൽ ആവശ്യമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും മാസ്ക് നിർബന്ധമാക്കണമെന്നുമുള്ള ആവശ്യങ്ങൾ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളിക്കളഞ്ഞു.

ഓസ്‌ട്രേലിയയിലെ പൊതുജനം സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന ഒരു സംസ്കാരമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.

കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനക്ക് പിന്നാലെ നിരവധി ആരോഗ്യ വിദഗ്ദ്ധർ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ രംഗത്തുള്ളവർ ആവശ്യപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ അധികൃതർ നിർബന്ധമായി നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പകരം ഓസ്ട്രലിയക്കാർ സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന സംസ്കാരമാണ് കൂടുതൽ ഉചിതമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്നുള്ള നിർദ്ദേശം ദേശീയ ക്യാബിനറ്റ് യോഗത്തിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാറുകൾ കർശന നടപടികൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ നിന്ന് ഓസ്‌ട്രേലിയക്കാരെ പ്രായപൂർത്തിയായവരായി പരിഗണിക്കുന്ന സമീപനത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണവൈറസ് ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുകയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ഇനിയും കൂടുതൽ മനസ്സിലാക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ ലോക്ക്ഡൗണുകളിലേക്ക് തിരിച്ച് പോക്കില്ലെന്ന് സ്കോട്ട് മോറിസൺ വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ കൊവിഡ് പ്രതിരോധത്തിൽ നിർണായക പങ്കുവഹിക്കുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version