ഓസ്‌ട്രേലിയയുടെ കാർബൺ ബഹിർഗമനം 2050 ഓടെ പൂജ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയുടെ കാർബൺ ബഹിർഗമനം 2050 ഓടെ പൂജ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് നെറ്റ് സീറോ എന്നത് പ്രഖ്യാപിത ലക്ഷ്യമായി സ്കോട്ട് മോറിസൺ അറിയിച്ചത്.

2050 ഓടെ ഓസ്‌ട്രേലിയ കാർബൺ ബഹിർഗമനം നെറ്റ് സീറോയാക്കുമെന്നും 2030 ലേക്കുള്ള എമിഷൻസ് ലക്ഷ്യം പുതുക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.

കാർബൺ ബഹിർഗമനം നെറ്റ് സീറോയിലെത്തിക്കുന്നത് സംബന്ധിച്ചുള്ള പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു.

ഈ മാറ്റം ബാധിക്കാൻ സാധ്യതയുള്ള തൊഴിലുകൾക്കും വ്യവസായങ്ങൾക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്ന നയങ്ങൾ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2030 ഓടെ കാർബൺ ബഹിർഗമനം 30 മുതൽ 35 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം.

2050 ഓടെ പൂജ്യം എമിഷൻസ് എന്ന പദ്ധതി പ്രൊഡക്ടിവിറ്റി കമ്മീഷൻ ഓരോ അഞ്ചു വർഷവും അവലോകനം ചെയ്യും. ഉൾനാടൻ മേഖലയിലെ തൊഴിലുകളെയും സമൂഹങ്ങളെയും പദ്ധതി ഏത് രീതിയിൽ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണ് ലക്ഷ്യം.

ഓസ്‌ട്രേലിയക്കാർക്ക് വേണ്ടി ഓസ്ട്രലിയക്കാർ തന്നെ 2050 ലേക്കുള്ള ഈ മാറ്റം നടപ്പിലാക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയിലെ നിക്ഷേപം, ഊർജ്ജ പരിവർത്തനം സുഗമമാക്കുന്നതിനായി പ്രോത്സാഹന പദ്ധതികൾ, ഓഫ്‌സെറ്റുകൾ എന്നിവ പദ്ധതി നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നാണ് റിപ്പോർട്ട്.

പദ്ധതിയുടെ ഭാഗമായി 2030 ഓടെ മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യകൾക്കായി 20 ബില്യൺ ഡോളർ സർക്കാർ ചിലവിടും.

ഇതേ കാലയളവിൽ 60 ബില്യൺ ഡോളറിനും 100 ബില്യൺ ഡോളറിനും ഇടയിലുള്ള പൊതു-സ്വകാര്യ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെറ്റ് സീറോ എന്നത് പൂർണമായും കാർബൺ ബഹിർഗമനം ഇല്ലാതാക്കും എന്നല്ല ഉദ്ദേശിക്കുന്നതെന്ന് ഊർജ്ജ മന്ത്രി ആങ്കസ് ടെയ്‌ലർ ചൂണ്ടിക്കാട്ടി. നെറ്റ് സീറോ സാധ്യമാകുന്നതിൽ ഓഫ്‌സെറ്റുകൾ പ്രധാന പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നെറ്റ് സീറോ സാധ്യമാക്കുന്നതിനുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ലെന്ന് പ്രതിപക്ഷം  

2050 ഓടെ നെറ്റ് സീറോ എന്ന പദ്ധതിയുടെ എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസി കുറ്റപ്പെടുത്തി.

കൂടുതൽ വിശദാംശങ്ങൾ മറ്റൊരു അവസരത്തിൽ വ്യക്തമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

അതെസമയം ഈ ‘വേറിട്ട ഓസ്‌ട്രേലിയൻ’ പദ്ധതി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉൾനാടൻ ഓസ്‌ട്രേലിയയെ പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ഓസ്‌ട്രേലിയൻ അധികൃതർ ആവശ്യത്തിന് നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ NSW, ക്വീൻസ്ലാൻറ് എന്നീ സംസ്ഥാനങ്ങളിൽ 70,000 തൊഴിലുകൾ നഷ്ടമാകുമെന്ന് ക്ലൈമറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഉൾനാടൻ മേഖലയിലെ തൊഴിലുകളെയും വ്യവസായങ്ങളെയും ഈ പദ്ധതി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാഷണൽസ് നേതാക്കൾ ശക്തമായ എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാന മന്ത്രി പുറത്തുവിട്ടത്.

പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നാഷണൽസ് നേതാക്കളുമായി പ്രധാനമന്ത്രി ധാരണയിലെത്തിയെങ്കിലും 2030 ലേക്കുള്ള ലക്ഷ്യം പുതുക്കിയതിൽ ചില നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 

ഓസ്‌ട്രേലിയയുടെ സഖ്യ രാജ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുന്ന കാലാവസ്ഥാ നയങ്ങൾക്ക് ഒപ്പം ഓസ്‌ട്രേലിയയും സഞ്ചരിക്കണമെന്നുള്ള നിലപാട് ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിക്ക് പങ്കെടുക്കാൻ തയ്യാറെടുക്കുന്ന  പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version