എല്ലാ ഓസ്ട്രേലിയക്കാർക്കും ഈ വർഷം തന്നെ കൊവിഡ് വാക്സിൻ
ഓസ്ട്രേലിയയിലുള്ള എല്ലാവർക്കും 2021 അവസാനിക്കുന്നതിന് മുമ്പ് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. വാക്സിനേഷൻ തുടങ്ങിയാലും അതിർത്തി നിയന്ത്രണങ്ങളും ക്വാറന്റൈനും തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇതുവരെ നടപ്പാക്കിയ ഏറ്റവും ബൃഹത്തായ നടപടിക്രമങ്ങളിലൊന്നാണ് കൊവിഡ്-19 വാക്സിനേഷൻ എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പു തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്, നാഷണൽ പ്രസ് ക്ലബിൽ അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ പദ്ധതിക്കായി 1.9 ബില്യൺ ഡോളറിന്റെ അധിക ഫണ്ടിംഗ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇതോടെ വാക്സിൻ പദ്ധതിക്കുള്ള ആകെ ഫണ്ടിംഗ് 6.3 ബില്യൺ ഡോളറായി.
വാക്സിൻ വിതരണത്തിനായി ജി പിമാർ, ഫാർമസികൾ, മറ്റ് അംഗീകൃത വാക്സിൻ കേന്ദ്രങ്ങൾ എന്നിവയെ സജ്ജമാക്കാനാണ് അധിക ഫണ്ടിംഗ് പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയിലെ എല്ലാവർക്കും നൽകാൻ ആവശ്യമായത്ര വാക്സിൻ പ്രാദേശികമായി തന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മെൽബൺ ആസ്ഥാനമായ CSL ആയിരിക്കും ആസ്ട്ര സെനക്ക വാക്സിൻ ഉത്പാദിപ്പിക്കുന്നത്.
എന്നാൽ അതിന് മുമ്പു തന്നെ ഫൈസർ വാക്സിൻ വിതരണം ചെയ്തു തുടങ്ങുന്നുണ്ട്. ഈ മാസം അവസാനത്തോടെയാണ് ഇത്.
വാക്സിൻ ലഭിച്ചാൽ പോലും കൊവിഡ് പ്രതിരോധത്തിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങൾ എല്ലാവരും തുടർന്നും പാലിക്കേണ്ടി വരും.
രാജ്യാന്തര അതിർത്തി നിയന്ത്രണങ്ങളും ക്വാറന്റൈനുമാണ് ഇതിൽ ഏറ്റവും പ്രധാനം.
കൊവിഡ് പരിശോധന, സമ്പർക്കപ്പട്ടിക കണ്ടെത്തൽ, ഹോട്ട്സ്പോട്ട് നിയന്ത്രിക്കൽ എന്നതാണ് രണ്ടാമത്തെ ഘടകം.
ഇതോടൊപ്പം, സാമൂഹികമായ അകലം പാലിക്കലും, ശുചിത്വം ഉറപ്പാക്കലും തുടരേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൊഴിലും ജീവിതവും ഉറപ്പാക്കാൻ വാക്സിനൊപ്പം ഇതും മുന്നോട്ടുകൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോബ്കീപ്പർ അവസാനിപ്പിച്ചേക്കും
കൊറോണവൈറസ്ബാധ മൂലം ഓസ്ട്രേലിയയിൽ നഷ്ടമായ ജോലികളുടെ 90 ശതമാനവും തിരിച്ചുവന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രാദേശികമായ കൊവിഡ് ബാധയും ഇപ്പോൾ ഇല്ല. എന്നാൽ വൈറസിന്റെ രൂപം മാറുന്നതിനാൽ, ജാഗ്രത തുടരേണ്ടിവരും.
മാർച്ച് മാസത്തിനു ശേഷം ജോബ്കീപ്പർ പദ്ധതി തുടരാൻ സാധ്യതയില്ലെന്നും സ്കോട്ട് മോറിസൻ വ്യക്തമാക്കി.
കൊവിഡ് അനുബന്ധ സാമ്പത്തിക പദ്ധതികൾ താൽക്കാലികമാണെന്നും, നികുതിപ്പണം കൊണ്ട് ഇത്തരം സാമ്പത്തികരംഗം എന്നും ഇതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കടപ്പാട്: SBS മലയാളം