മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് 24 മണിക്കൂറുകൾക്കകം പ്രതിമയുടെ കഴുത്തറക്കാൻ ശ്രമം നടന്നു. സംഭവത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദുഃഖം രേഖപ്പെടുത്തി.
അടുത്ത വർഷം നടക്കുന്ന ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഇന്ത്യ സർക്കാർ മെൽബണിലേക്ക് അയച്ചത്.
വെങ്കലത്തിൽ നിർമ്മിച്ച പ്രതിമ മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നവംബർ 12 വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് അനാച്ഛാദനം ചെയ്തത്.
അനാച്ഛാദനം നടന്ന് 24 മണിക്കൂറുകൾക്കകം പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഗാന്ധി പ്രതിമയുടെ കഴുത്തറക്കാനുള്ള ശ്രമമാണ് നടന്നത്. പ്രതിമയുടെ കഴുത്തിന്റെ രണ്ട് വശത്തും ആറ് മില്ലിമീറ്റർ ആഴത്തിലാണ് അറുത്തിരിക്കുന്നത്.
സംഭവത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അപലപിച്ചു.
സംഭവം നിരാശാജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മൾട്ടികൾച്ചറൽ രാജ്യമായ ഓസ്‌ട്രേലിയയിൽ, സാംസ്‌കാരിക സ്മാരകങ്ങളോട് കാണിക്കുന്ന അനാദരവ് അനുവദിക്കില്ലെന്നും മോറിസൺ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് കാട്ടിയ അനാദരവിന് ഉത്തരവാദികളായവർ ലജ്ജിക്കണമെന്നും മോറിസൺ പറഞ്ഞു.
സംഭവത്തിൽ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം ഒന്നടങ്കം അപലപിച്ചു. വിവിധ മലയാളി കൂട്ടായ്മകൾ സമൂഹമാധ്യമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
ഗാന്ധി പ്രതിമ നശിപ്പിക്കാൻ ശ്രമം നടത്തിയവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്.
കടപ്പാട്: SBS മലയാളം