പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ കൊവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് സ്കോട്ട് മോറിസൻ

നേരത്തേ പ്രഖ്യാപിച്ചിരുന്ന സമയപരിധിക്കുള്ളിൽ ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

ഈ വർഷം ഒക്ടോബറോടെ ഓസ്ട്രേലിയയിലെ എല്ലാവർക്കും ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും നൽകും എന്നായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ വിദേശത്തു നിന്ന് വാക്സിൻ ലഭിക്കാനുള്ള കാലതാമസവും, ആസ്ട്രസെനക്ക വാക്സിനെക്കുറിച്ചുള്ള ആശങ്കകളും കാരണം ഈ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഒക്ടോബർ എന്നല്ല, ഈ വർഷം അവസാനിക്കുമ്പോൾ പോലും എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയണമെന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

പകരം പുതിയ സമയപരിധിയൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

വാക്സിൻ വിതരണത്തിന് പുതിയ സമയപരിധി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ വർഷം തന്നെ വാക്സിൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാരിന്റെ താൽപര്യമെങ്കിലും, ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ സമയപരിധി നിശ്ചയിക്കുന്നത് സാധ്യമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്ക വാക്സിനെക്കാൾ, ഫൈസർ വാക്സിൻ നൽകാനായിരിക്കും മുൻഗണനയെന്ന് കഴിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ആസ്ട്രസെനക്ക വാക്സിനെടുത്തവർക്ക് അത്യപൂർവമായി രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.

ഫൈസർ വാക്സിന്റെ രണ്ടു കോടി അധിക ഡോസുകൾ കൂടി ലഭ്യമാക്കാൻ സർക്കാർ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മാത്രമേ ഇത് ലഭ്യമാകൂ.

ചെറുപ്പക്കാർക്ക് കൂടുതലായി വാക്സിൻ ലഭിക്കുന്ന 2a, 2b തുടങ്ങിയ ഘട്ടങ്ങളിൽ ഫൈസർ വാക്സിൻ വിതരണം ഊർജ്ജിതമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

ശനിയാഴ്ച വരെ രാജ്യത്ത് 12 ലക്ഷത്തോളം പേർക്കാണ് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിട്ടുള്ളത്.

ശനിയാഴ്ച 27,209 പേർക്കാണ് വാക്സിൻ നൽകിയത്. വെള്ളിയാഴ്ച ഇത് 61,000 പേരായിരുന്നു.

അതേസമയം, ദിവസം ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ പേർക്ക് വാക്സിൻ നൽകുന്ന രീതിയിലേക്ക് എത്തണമെന്നും, അല്ലെങ്കിൽ വാക്സിനേഷന് പൂർത്തിയാക്കാൻ രണ്ടു വർഷമെടുക്കുമെന്നും പകർച്ചവ്യാധി വിദഗ്ദർ ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version