ഇന്ത്യൻ റിപ്പബ്ലിക്ദിന ആശംസയുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദവും, ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളും വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസനും പ്രതിപക്ഷ നേതാവ് ആന്റണി അൽബനീസിയും പറഞ്ഞു.

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് ആശംസകൾ അർപ്പിക്കുമ്പോഴാണ് ഇരുവരും ഈ സൗഹൃദം ചൂണ്ടിക്കാട്ടിയത്.

ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ആഘോഷത്തിന്റെ ദിവസമാണ് ജനുവരി 26.

ഓസ്ട്രേലിയ ഡേയും, ഇന്ത്യൻ റിപ്പബ്ലിക് ദിനവും.

നിരവധി വ്യത്യസ്തതകൾക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാനതകളുടെയും സൗഹൃദത്തിന്റെയും ആഘോഷമാണ് ഒരുമിച്ചുള്ള ഈ ദേശീയ ദിനമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളിലെയും ജനാധിപത്യത്തിന്റെ ആഘോഷം കൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വംശജർ ഓസ്ട്രേലിയയ്ക്ക് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളുടെയും ആഘോഷം. ഇരു രാജ്യങ്ങളും പിന്നിട്ടു വന്ന വഴികൾ തീർത്തും വ്യത്യസ്തായിരുന്നുവെങ്കിലും മുന്നോട്ടുള്ള വഴി ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേകിച്ചും, സ്വതന്ത്രവും, നിയന്ത്രണങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്നത്.

സമാധാനവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് കാലത്ത് കുടുംബങ്ങൾ ഭിന്നിച്ച്കഴിയേണ്ട സാഹചര്യം വന്നിരുന്നുവെന്നും, എന്നാൽ ആ കാലം കടന്നു എന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളും ഓസ്ട്രേലിയയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ഓസ്ട്രേലിയയിലുള്ള എല്ലാ ഇന്ത്യൻ വംശജർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദേശത്തിന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നന്ദി പറയുകയും ചെയ്തു.

സമാനമൂല്യങ്ങളുടെ ആഘോഷം

ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും ദേശീയ ദിനങ്ങൾ ഒരുമിച്ച് വരുന്നത് യാദൃശ്ചികമായാണെങ്കിലും, ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്ന സമാനമായ മൂല്യങ്ങളുടെ ആഘോഷം കൂടിയാണ് ഇതെന്ന് ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസി പറഞ്ഞു.

ജനാധിപത്യത്തിന് നൽകുന്ന പ്രാധാന്യമാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശങ്ങളും, മാനുഷിക മൂല്യങ്ങളും ഉറപ്പുനൽകുന്നതും, ആരോഗ്യമേഖലയ്ക്ക് നൽകുന്ന പ്രാധാന്യവുമെല്ലാം രണ്ടു രാജ്യങ്ങളും പങ്കുവയ്ക്കുന്ന കാര്യങ്ങളാണ്.

ഒപ്പം, സാംസ്കാരികമായും, സാമ്പത്തികമായുമുള്ള പരസ്പര ബന്ധവും വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ ദുരന്തങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ ഇവിടത്തെ ഇന്ത്യൻ സമൂഹം അത് നേരിടാൻ മുൻനിരയിലുണ്ടായിരുന്നുവെന്നും അൽബനീസി ചൂണ്ടിക്കാട്ടി.

കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക്കും ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

2022ൽ കുടുംബങ്ങൾ ഒത്തുചേരുന്നതിനും, കൂടുതൽ വിദ്യാർത്ഥികളും യാത്രികരും തൊഴിൽ വിസകളിലുള്ളവരുമെല്ലാം ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിച്ചേരുന്നതിനും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version