ഓസ്ട്രേലിയയിൽ നിന്നുള്ള വാർത്തകൾ നിരോധിച്ച ഫേസുക്കിന്റെ നടപടി ദാർഷ്ട്യവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിമർശിച്ചു. നിയമ നിർമ്മാണത്തിന് മുൻപ് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കനുള്ള നീക്കം അനുവദിക്കില്ലെന്നും മോറിസൺ വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ നടപടിക്കെതിരെ ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതാക്കളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്കിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ഇട്ടു.
ഓസ്‌ട്രേലിയയുമായുള്ള സൗഹൃദത്തെ ‘അൺഫ്രണ്ട്’ ചെയ്യാനുള്ള ഫേസ്ബുക് നീക്കത്തെ വിമർശിച്ച സ്കോട്ട് മോറിസൺ നിയമനിർമ്മാണവുമായി മുൻപോട്ടു പോകുമെന്നും വ്യക്തമാക്കി.
വാർത്താ നിരോധനത്തിന്റെ പേരിൽ ആരോഗ്യ-അവശ്യ സേവനങ്ങളുടെ വിവരങ്ങൾ നൽകുന്ന പേജുകൾക്കും നിരോധനം ഏർപ്പെടുത്തിയ നടപടി ദാർഷ്ട്യം നിറഞ്ഞതും നിരാശാജനകവുമാണ്. നിയമനിർമ്മാണം നടക്കുന്നതിന് തൊട്ടു മുൻപ് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫേസ്ബുക്കും ഗൂഗിളും പോലുള്ള വൻ കിട കമ്പനികൾക്ക് ലോകത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഇവരാണ് ലോകം ഭരിക്കുന്നതെന്ന് ഇത് കൊണ്ട് അർത്ഥമാകുന്നിലെന്നും മോറിസൺ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഫേസ്ബുക്കിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗൂഗിളിന്റെ നടപടിയെ മാതൃകയാക്കണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പോസ്റ്റിലൂടെ മോറിസൺ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട മറ്റു ലോകനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട്: SBS മലയാളം