അടുത്തയാഴ്ചമുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

ക്വീൻസ്ലാൻറും, സൗത്ത് ഓസ്ട്രേലിയയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അടുത്തയാഴ്ചമുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും.

രാജ്യത്ത് കൊവിഡ് ബാധിതരുടെ നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ നാഷണൽ ക്യാബിനറ്റ് അംഗീകരിച്ച മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ സ്കൂളുകൾ തുറക്കുന്നത്.

വൈറസ് ബാധ കൂടിയതിനാൽ സ്കൂൾ തുറക്കൽ നടപടി നീട്ടി വെക്കണമെന്ന് വിവിധ അധ്യാപക സംഘടനകളും, രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ക്വീൻസ്ലാൻറും, സൗത്ത് ഓസ്ട്രേലിയയും മാത്രമാണ് സ്കൂൾ തുറക്കൽ നീട്ടി വെച്ചിരിക്കുന്നത്.

മറ്റെല്ലാ സംസ്ഥാനങ്ങളും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി മുന്നോട്ട് പോകുവാനാണ്  തീരുമാനിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിലെ എല്ലാ സ്കൂളുകളിലും റാപ്പിഡ് ആൻറിജൻ കിറ്റുകൾ വിതരണം ചെയ്തു.
3,000ളം സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായാണ് RAT കിറ്റുകൾ നൽകിയിരിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ വീതം  RAT കിറ്റുകൾ ഉപയോഗിക്കണം.

ഒരു മാസത്തേക്കുള്ള പരിശോധനാ കിറ്റുകൾ എത്തിച്ചിട്ടുണ്ടെങ്കിലും, രണ്ടാഴ്ചയ്ക്ക് ശേഷം സ്‌കൂളുകളിലെ RAT കിറ്റുകളുടെ ഉപയോഗം വിലയിരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

സ്കൂൾ തുറക്കലിനോടനുബന്ധിച്ച് കൂടുതൽ പൊതു ഗതാഗത സംവിധാനങ്ങളും NSWൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളെ സ്കൂളുകളിലേക്കും തിരികെയും എത്തിക്കുന്നതിനായി 3,400 ബസുകളും, 200 ളം അധിക ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

സ്കൂൾ തിരക്കുള്ള രാവിലെയും ഉച്ചയ്ക്കുമായാകും അധിക ട്രെയിനുകൾ സർവ്വീസ് നടത്തുക.

12 വയസും അതിനുമുകളിലുമുള്ള വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സംവിധാനത്തിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ മാസത്തിൽ ആഴ്‌ചയിൽ രണ്ടുതവണ വീതം റാപ്പിഡ് ആൻറിജൻ പരിശോധന നിർബന്ധമാണ്.

കടപ്പാട്: SBS മലയാളംഅധ്യാപകർ, പ്രീ സ്കൂൾ മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം പരിശോധനക്ക് വിധേയരാകണമെന്നാണ് സർക്കാർ നിർദ്ദേശം.

രോഗലക്ഷണങ്ങളുമായി സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റും.

കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാലും, രോഗ ലക്ഷണങ്ങളില്ലെങ്കിൽ സ്കൂളിൽ വരുന്നതിന് വിദ്യാർത്ഥികൾക്ക് തടസ്സമുണ്ടാകില്ല.

സ്കൂൾ ജീവനക്കാർക്കും, സന്ദർശകർക്കും, 7 മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കും ഇൻഡോർ ഏരിയകളിൽ മാസ്ക് നിർബന്ധമാണ്. 3 മുതൽ 6ാം വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് മാസ്ക് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും നിർബന്ധമല്ല.

വിക്ടോറിയ

സ്കൂൾ തുറന്നതിന് ശേഷമുള്ള ആദ്യ മാസം അധ്യാപകരും വിദ്യാർത്ഥികളും റാപ്പിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാകണം. ആഴ്ചയിൽ ഒരു തവണ വീതമാകും പരിശോധന. പരിശോധനക്കാവശ്യമായ RAT കിറ്റുകൾ സ്കൂളുകൾ വിതരണം ചെയ്യും.

അധ്യാപകർക്കും, സ്‌കൂൾ ജീവനക്കാർക്കും മൂന്നാമത്തെ വാക്സിൻ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ ഫെബ്രുവരി 25 ന് മുൻപോ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നര മാസത്തിനുള്ളിൽ മൂന്നാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.

വായുസഞ്ചാരം കുറവുള്ള സ്കൂളുകളിൽ 50,000-ലധികം എയർ പ്യൂരിഫയറുകൾ സ്ഥാപിക്കും. മ്യൂസിക് റൂമുകൾ, സ്റ്റാഫ് റൂമുകൾ, ഇൻഡോർ ക്യാന്റീനുകൾ, സിക്ക് ബേകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാകും വായുവിൻറെ ഗുണ നിലവാരം ഉറപ്പു വരുത്തുക.

സംസ്ഥാനത്തെ സ്കൂളുകളിൽ മൂന്നു കോടി സർജിക്കൽ മാസ്കുകൾ വിതരണം ചെയ്യുമെന്നും വിക്ടോറിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

വെസ്റ്റേൺ ഓസ്ട്രേലിയ

പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും വായുസഞ്ചാരം ഉറപ്പു വരുത്തും. ക്ലാസ്സ് മുറികൾക്കായി 12,000 എയർ പ്യൂരിഫയറുകളും CO2 മോണിറ്ററുകളും വിതരണം ചെയ്തു.

നിലവിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നതെങ്കിലും, വരും ആഴ്ചകളിൽ പ്രൈമറി ക്ലാസ്സുകളിലും മാസ്ക് നിർബന്ധമാക്കിയേക്കും.

നോർത്തേൺ ടെറിട്ടറി

സർക്കാർ സ്കൂളുകളിലെ ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പു വരുത്തും. സെൻട്രൽ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ഇല്ലാത്ത സ്‌കൂളുകളിലും, വിദൂര പ്രദേശങ്ങളിലെ സ്‌കൂളുകളിലും  പോർട്ടബിൾ എയർ പ്യൂരിഫയറുകൾ എത്തിക്കും.

പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമല്ല. എന്നാൽ 12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്ല് മുറികളിലടക്കം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

അധ്യാപകരും, സ്കൂൾ ജീവനക്കാരും വാക്സിൻ എടുത്തിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

ടാസ്മേനിയ

വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി മാസ്കുകളും RAT കിറ്റുകളും വിതരണം ചെയ്യും. ഐസൊലേഷനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് വെർച്വൽ ലേണിംഗ് സംവിധാനം ലഭ്യമാക്കും.

സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാണ്. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ മാസ്ക് ധരിക്കാം.

ക്വീൻസ്‌ലാൻറും സൗത്ത് ഓസ്‌ട്രേലിയയുമാണ് വൈകി സ്കൂളുകൾ തുറക്കുന്ന സംസ്ഥാനങ്ങൾ.

അടുത്തയാഴ്ച മുതൽ ഓൺലൈൻ പഠനം ആരംഭിച്ച ശേഷമാകും, വരും ആഴ്ചകളിൽ രണ്ടു സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറക്കുക.

കടപ്പാട്: SBS മലയാളം

Exit mobile version