റിക്രുട്ട്മെൻറ് തട്ടിപ്പ്: 2022ൽ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായത് 90 ലക്ഷം ഡോളർ
2022ൽ റിപ്പോർട്ട് ചെയ്ത വിവിധ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എൺപത്തിയേഴ് ലക്ഷത്തിലധികം ഡോളർ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായതായാണ് കണക്ക്. ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനാണ് റിക്രൂട്ട്മെൻറ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷം ആയിരക്കണക്കിനാളുകൾ രാജ്യത്ത് തൊഴിൽ തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയതോടെയാണ് ACCC തൊഴിലന്വേഷകർക്ക് ജാഗ്രത നിർദ്ദേശം നൽകിയത്.
യുവാക്കളെയും, ഓസ്ട്രേലിയക്ക് പുറത്ത് നിന്നുള്ള തൊഴിൽ അന്വേഷകരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
റിക്രൂട്ട്മെൻറ് തട്ടിപ്പികളുമായി ബന്ധപ്പെട്ട 3,194 സംഭവങ്ങൾ കഴിഞ്ഞ വർഷം മാത്രം സ്കാം വാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
25 നും 44 നും ഇടയിൽ പ്രായമുള്ള ഓസ്ട്രേലിയക്കാരാണ് തൊഴിൽ തട്ടിപ്പുകൾക്ക് കൂടുതലായി ഇരയാകുന്നത്.
വാട്ട്സ് ആപ്പ്, ലിങ്ക്ഡ്-ഇൻ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് ACCCയുടെ റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന കമ്പനികളുമായി ബന്ധപ്പെടുത്തി ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ, വേഗത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് അപേക്ഷകരെ ആകർഷിക്കുന്നത്.
പ്രമുഖ കമ്പനികൾക്കും, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾക്കും വേണ്ടി റിക്രൂട്ട്മെൻറ് നടത്തുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുക.
പ്രമുഖ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പേരിലും തട്ടിപ്പ് സംഘം ആൾമാറാട്ടം നടത്താറുണ്ടെന്നും ACCC സ്കാം വാച്ച് ചൂണ്ടിക്കാട്ടി.
സ്ഥിര ശമ്പളത്തിൽ ജോലി ലഭിക്കുന്നതിന് ഫീസ് നൽകണമെന്ന് തട്ടിപ്പുകാർ അപേക്ഷകരോട് ആവശ്യപ്പെടും.
ഓസ്ട്രേലിയയിലേക്ക് പുറത്ത് നിന്നുള്ള തൊഴിലന്വേഷകരിൽ നിന്ന് തട്ടിപ്പ് സംഘം ഉയർന്ന തുക തട്ടിയെടുക്കാറുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയാണ് തട്ടിപ്പ് സംഘങ്ങൾ കൂടുതലായി ലക്ഷ്യമിടുന്നതെന്ന് ACCC ഡെപ്യൂട്ടി ചെയർ ഡെലിയ റിക്കാർഡ് വിശദീകരിച്ചു.
ലിങ്ക്ഡ്-ഇൻ പോലുള്ള പ്ലാറ്റ്ഫോമുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ വിദഗ്ദമായ രീതിയിലാണ് തട്ടിപ്പ് പരസ്യങ്ങൾ തയ്യാറാക്കുന്നത്. ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്.
തട്ടിപ്പ് പരസ്യങ്ങൾ നിയമാനുസൃതമായ തൊഴിൽ പരസ്യങ്ങൾ പോലെ തന്നെ കാണപ്പെടുന്നതിനാലാണ് തൊഴിലന്വേഷകർ കബളിപ്പിക്കപ്പെടുന്നത്.
വിസ, ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം തൊഴിലന്വേഷകരെ ആകർഷിക്കുക.
തുടർന്ന് പലതവണയായി പണം തട്ടിയെടുക്കുന്നതോടെയാണ് പലർക്കും കബളിപ്പിക്കപ്പെട്ടതായി മനസിലാകുകയെന്നും ACCC ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ തട്ടിപ്പിൽ വീഴാതിരിക്കാനുള്ള മാർഗ്ഗങ്ങൾ
- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ, വാട്ട്സ്ആപ്പ് പോലുള്ള മെസേജിംഗ് സേവനങ്ങൾ വഴിയോ ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
- ജോലിക്ക് അപേക്ഷിക്കുമ്പോൾ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക.
- ജോലി ലഭിക്കുന്നതിനായി പണമടയ്ക്കുകയോ. മുൻകൂർ നിക്ഷേപം നടത്തുകയോ അരുത്.
- തട്ടിപ്പിനിരയായെന്ന് തോന്നിയാലുടൻ നിങ്ങളുടെ ബാങ്കുമായോ, ധനകാര്യ സ്ഥാപനവുമായോ ഉടൻ ബന്ധപ്പെടുക.