ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതിന് പിന്നാലെ വീട് വാടകയും കുത്തനെ കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആഴ്‌ചയിൽ 400 ഡോളറിൽ താഴെ വാടകയുള്ള വീടുകൾ വിരളമായാണ് കണ്ടെത്താൻ കഴിയുന്നത്. 19 ശതമാനം വീടുകൾ മാത്രമാണ് 400 ഡോളറിൽ താഴെ പരസ്യം ചെയ്തിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2022 സെപ്റ്റംബറിൽ realestate.com.au ൽ ആഴ്ചയിൽ 400 ഡോളറിൽ താഴെ വാടകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന വീടുകളുടെ വിഹിതം 19.3 ശതമാനത്തിലേക്ക് കുറഞ്ഞതായാണ് വിപണിയുമായി ബന്ധപ്പെട്ട് PropTrack ൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2020 മാർച്ചിൽ 41.8 ശതമാനമായിരുന്നു ഈ വിഭാഗത്തിലുള്ള വീടുകളുടെ ലഭ്യത.
കുറഞ്ഞ ഒഴിവ് നിരക്കുകൾ, ആദ്യ വീട് വാങ്ങിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവ്, വർദ്ധിച്ചുവരുന്ന കുടിയേറ്റം എന്നിവയാണ് വിദഗ്ധർ ഇടിവിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബറിൽ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്ക് 2.6 ശതമാനമെന്ന റെക്കോർഡ് നിരക്കിലേക്ക് റിസർവ് ബാങ്ക് ഉയർത്തിയതിന് പിന്നാലെ വീട് വായ്പക്ക് ശ്രമിക്കുന്നവരുടെ ബോറോയിങ് കപ്പാസിറ്റി കുറഞ്ഞതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത് വാടക വീടുകളുടെ ലഭ്യതക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വാടകയ്ക്ക് നൽകിയിരുന്ന നിരവധി വീടുകൾ മഹാമാരിയുടെ സമയത്ത് ഉടമസ്ഥർ വിറ്റതും ലഭ്യത കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
നഗരപ്രദേശങ്ങളിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കുടിയേറ്റം കൂടിയതും വാടക വീടുകളുടെ ലഭ്യതയെ ബാധിച്ചു. ഉൾനാടൻ മേഖലയിൽ വാടക കൂടാനുള്ള പ്രധാനകാരണമായി ഇതിനെ കണക്കാക്കുന്നു.
വീടുകളുടെ വാടക നിരക്ക് കുറയാൻ വളരെയധികം സമയമെടുക്കാൻ വഴിയുണ്ടെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം.
കടപ്പാട്: SBS മലയാളം