പേമാരിയും വെള്ളപ്പൊക്കവും: വിക്ടോറിയയില്‍ രണ്ടു മരണം

വിക്ടോറിയയുടെ പല ഭാഗങ്ങളിലും തുടരുന്ന വന്യമായ കാലാവസ്ഥയില്‍ രണ്ടു പേര്‍ മരിച്ചു. ഗിപ്പ്സ്ലാന്റ് മേഖലയില്‍ കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

രണ്ടു ദിവസമായി വിക്ടോറിയയുടെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്.

വിവിധ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗിപ്പ്സ്ലാന്റ് മേഖലയിലെ വെള്ളപ്പൊക്കത്തിലാണ് രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

മെല്‍ബണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗ്ലെന്‍ഫൈനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാറിനുള്ളിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച മുതല്‍ കാണാതായിരുന്ന നിന എന്ന സ്ത്രീയുടേതാണ് ഈ മൃതദേഹം എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഗിപ്പ്സ്ലാന്റിലെ വുഡ്‌സൈഡ് പട്ടണത്തില്‍ വെള്ളത്തില്‍ മുങ്ങിയ ഒരു കാറിനുള്ളില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും രൂക്ഷമായ പേമാരിയാണ് ഇത് എന്നാണ് ഗിപ്പ്സ്ലാന്‌റ് മേഖലയിലുള്ളവര്‍ പറയുന്നത്. ഇതുവരെ 270 മില്ലീമീറ്ററിലേറെ മഴ ഇവിടെ പെയ്തു കഴിഞ്ഞു.

ട്രറാല്‍ഗന്‍ പ്രദേശത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് വിക് എമര്‍ജന്‍സി വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഇവിടെയുള്ളവരോട് വീട് വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ പതിനായിരക്കണക്കിന് വീടുകളിലാണ് ഇപ്പോഴും വൈദ്യുതി ബന്ധം നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ആറായിരത്തിലേറെ പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് എമര്‍ജന്‍സി വിഭാഗത്തെ ബന്ധപ്പെട്ടത്.

രണ്ട് എമര്‍ജന്‍സി വിഭാഗം ജീവനക്കാരെ പരുക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗിപ്പ്സ്ലാന്റിലെ ഈ പേമാരിക്ക് പുറമേ, മെല്‍ബണിന്റെ പല ഭാഗങ്ങളിലും ഡാംഡനോംഗ് റേഞ്ചുകളിലും കനത്ത കാറ്റും വീശിയിരുന്നു. മെല്‍ബണില്‍ മണിക്കൂറില്‍ 104 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കാറ്റ്.

സിഡ്‌നിയിലും 25 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ജൂണ്‍ ദിവസമാണ് കടന്നുപോയത്.

അന്റാര്‍ട്ടിക്കയില്‍ നിന്ന് വീശിയടിച്ച ശീതക്കാറ്റാണ് താപനില ഇത്രയും കുറയാന്‍ കാരണം.

കടപ്പാട്: SBS മലയാളം

Related Articles

Back to top button