ക്വീൻസ്ലാന്റിലെ ലോക്ക്ഡൗൺ നീട്ടി

ക്വീൻസ്ലാന്റിൽ കൊവിഡ്ബാധ ഉയരുന്ന സാഹചര്യത്തിൽ വിവിധ കൗൺസിൽ മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഞായറാഴ്ച വരെ നീട്ടി.

സംസ്ഥാനത്ത് 13 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണിത്.

ക്വീൻസ്ലാന്റിൽ ഒമ്പത് പുതിയ കേസുകൾ ഞായറാഴ്ച സ്ഥിരീകരിച്ചതിനെ പിന്നാലെ 11 പ്രാദേശിക കൗൺസിൽ മേഖലകൾ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ ചെയ്തിരുന്നു.

ബ്രിസ്‌ബൈൻ, ലോഗൻ, ഇപ്സ്വിച്, റെഡ്‌ലാൻഡ്‌സ്, സൺഷൈൻ കോസ്റ്റ്, ഗോൾഡ് കോസ്റ്റ്, മോർട്ടൻ ബേ, ലോക്ക്യർ വാലി, നൂസ, സീനിക് റിം, സോമർസെറ്റ് തുടങ്ങിയ പ്രദേശങ്ങളാണ് ഞായറാഴ്ച വൈകിട്ട് മുതൽ ലോക്ക്ഡൗണിലായത്.

നാല് കാര്യങ്ങൾക്ക് മാത്രമേ ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

അപകടകാരിയായ ഡെൽറ്റ വേരിയന്റാണ് സംസ്ഥാനത്തും സ്ഥിരീകരിച്ചിരിക്കുന്നത്.

കേസുകൾ വീണ്ടും ഉയരുന്നതോടെ സംസ്ഥാനത്തെ ലോക്ക്ഡൗൺ ഞായറാഴ്ച് വൈകിട്ട് നാല് മണി വരെയാണ് നീട്ടിയത്.

ഈ പ്രദേശങ്ങളിൽ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ അറിയിച്ചു.

ബ്രിസ്‌ബൈനിലെ ഒരു സ്കൂളിലെ 17 വയസ്സുള്ള വിദ്യാർത്ഥിനിക്ക് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളാണ് പിന്നീട് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ ഏഴും അയൺസൈഡ് സ്റ്റേറ്റ് സ്കൂളിലെ വിദ്യാർത്ഥികളാണ്. അഞ്ച് കേസുകൾ ഇവരുടെ ബന്ധുക്കളും മറ്റൊരു കേസ് ഈ സ്കൂളിൽ കരാട്ടെ പഠിക്കാൻ വന്നവരിൽ ഒരാളുമാണ്.

പുതിയ കേസുകളിൽ പത്തെണ്ണവും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ജാനെറ്റ് യംഗ് പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് വൈറസ്ബാധിതരുടെ എണ്ണം 31 ആയി.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ബിസിനസുകൾക്ക് സർക്കാർ 260 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.

2021 കൊവിഡ് ബിസിനസ് സപ്പോർട്ട് ഗ്രാന്റ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ക്വീൻസ്ലാന്റിലെ ബിസിനസുകൾക്ക് 5,000 ഡോളർ ഗ്രാന്റ് നൽകുന്ന പദ്ധതിയാണിത്. ലോക്ക്ഡൗൺ ബാധിച്ച പ്രദേശങ്ങളിലുള്ള ബിസിനസുകൾക്ക് മാത്രമല്ല ധനസഹായം നൽകുന്നതെന്നും, ഡെൽറ്റ വേരിയന്റ് മൂലം സന്ദശകരെ അനുവദിക്കാൻ കഴിയാത്ത ബിസിനസുകൾക്കും ഈ ധനസഹായം നൽകുമെന്നും പ്രീമിയർ വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version