ബ്രിസ്‌ബൈൻ ഹോട്ടലിൽ കൂടുതൽ പേർക്ക് കൊവിഡ് UK സ്‌ട്രെയിൻ

ബ്രിസ്‌ബൈനിലെ ക്വാറന്റൈൻ ഹോട്ടലിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധയുടെ എണ്ണം കൂടിയതോടെ രോഗബാധ കണ്ടെത്തിയ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

ബ്രിസ്‌ബൈനിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിലെ ജീവനക്കാരിക്കാണ് യു കെ സ്‌ട്രെയിൻ വൈറസ് സ്ഥിരീകരിച്ചിരുന്നത്.

ഇതേതുടർന്ന് ബ്രിസ്‌ബൈൻ മൂന്ന് ദിവസത്തെ ലോക്കഡൗണിലേക്ക് പോയിരുന്നു. ഇതേ ഹോട്ടലിൽ കഴിയുന്ന ഒരു യാത്രക്കാരനാണ് ആദ്യം യു കെ സ്‌ട്രെയിൻ സ്ഥിരീകരിച്ചത്. ഇയാളുടെ പങ്കാളിക്കും രോഗം കണ്ടെത്തിയിരുന്നു.

കൂടാതെ ഹോട്ടൽ ജീവനക്കാരിയുടെ പങ്കാളിക്കും, ഹോട്ടലിൽ കഴിയുന്ന മറ്റ് രണ്ട് പേർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ബ്രിസ്‌ബൈൻ നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ കഴിയുന്നവരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

കൂടുതലായി അപകടകാരിയായ യു കെ സ്‌ട്രെയിൻ വൈറസ് സമൂഹത്തിലേക്ക് പടരുന്നത് തടയാൻ ഈ കരുതലുകളെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ അറിയിച്ചു.

ഈ ഹോട്ടലിൽ കഴിയുന്ന 129 പേരെയും മറ്റ് ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ഇവരെ പരിശോധനക്ക് വിധേയരാകുമെന്നും പ്രീമിയർ പറഞ്ഞു.

മാത്രമല്ല, ഇവിടെ രണ്ടാഴ്‌ച ക്വാറന്റൈനിൽ കഴിഞവർ വീണ്ടും 14 ദിവസം ക്വാറന്റൈൻ ചെയ്യണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

എന്നാൽ ഈ 14 ദിവസത്തെ ക്വാറന്റൈൻ തുക ഇവരിൽ നിന്ന് ഈടാക്കില്ലെന്നും സർക്കാർ തന്നെ വഹിക്കുമെന്നും പ്രീമിയർ പറഞ്ഞു.

ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ ഡിസംബർ 30 മുതൽ ക്വാറന്റൈനിൽ കഴിഞ്ഞ 250 പേരെ സർക്കാർ ബന്ധപ്പെട്ടു വരികയാണ്. ഇവരോട് പരിശോധനക്ക് വിധേയരാവണമെന്നും ഐസൊലേറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകി.

മാത്രമല്ല ഈ സമയത്ത് ഇവിടെ ജോലി ചെയ്ത പ്രതിരോധസേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 226 പേരോടും ഐസൊലേറ്റ് ചെയ്ത പരിശോധന നടത്താൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

നിലവിൽ ക്വീൻസ്ലാന്റിൽ സജ്ജീവമായ 26 കേസുകളാണുള്ളത്.

കടപ്പാട്: SBS മലയാളം

Exit mobile version