വിശ്വാസികളല്ലാത്തവരെ അധ്യാപകരായി നിയമിക്കണമെന്ന നിബന്ധന; ക്യൂന്‍സ് ലാന്‍ഡില്‍ പ്രതിഷേധം ശക്തമാകുന്നു
ബ്രിസ്ബന്‍: മതവിശ്വാസം പിന്തുടരാത്ത ജീവനക്കാരെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിയമിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകളയുന്ന നിര്‍ദിഷ്ട നിയമ ഭേദഗതിക്കെതിരെ ഓസ്‌ട്രേലിയയില്‍ ആയിരക്കണക്കിന് രക്ഷിതാക്കളുടെ പ്രതിഷേധം.
ക്യൂന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് വിവേചന വിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന മനുഷ്യാവകാശ കമ്മിഷണറുടെ ശിപാര്‍ശയ്‌ക്കെതിരേയാണ് പ്രതിഷേധമുയരുന്നത്.
സമകാലിക സമൂഹത്തിന്റെ അഭിലാഷങ്ങളും ആവശ്യങ്ങളും അംഗീകരിക്കാനെന്ന പേരിലാണ് 30 വര്‍ഷം പഴക്കമുള്ള വിവേചന വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നത്. ഇത് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
വിശ്വാസികളല്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നത് ഒഴിവാക്കാന്‍ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ വിവേചന വിരുദ്ധ നിയമത്തില്‍നിന്ന് ഇല്ലാതാക്കണമെന്നാണ് കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരിക്കുന്നത്.
അതായത് നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്രൈസ്തവ വിശ്വാസത്തിനെതിരായി ജീവിക്കുന്നവരെ പിരിച്ചുവിടാനും അവരെ നിയമിക്കാതിരിക്കാനുമുള്ള ക്രിസ്ത്യന്‍ സ്‌കൂളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകും.
നിര്‍ദിഷ്ട മാറ്റങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള രക്ഷിതാക്കളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. നിയമഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കാന്‍ ഓണ്‍ലൈനിലൂടെ കാമ്പെയ്‌നും ആരംഭിച്ചിരുന്നു. ഇതുവരെ 5000-ലധികം രക്ഷിതാക്കളുടെ ഒപ്പുകളാണ് ശേഖരിച്ചത്.
റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം സ്‌കൂളിന്റെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി പെരുമാറുന്ന ജീവനക്കാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുകയാണെന്ന് നിവേദനം തയാറാക്കാന്‍ നേതൃത്വം നല്‍കിയ ആന്‍ഡ്രൂ ഐല്‍സ് പറഞ്ഞു.
സയന്‍സ്, ഗണിതം, ഇംഗ്ലീഷ് തുടങ്ങി മതപഠനവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ അവരുടെ വിശ്വാസം പരിഗണിക്കാതെ തന്നെ നിയമിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
തങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന സ്‌കൂളുകളാണ് കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത്. ക്രിസ്ത്യന്‍ സ്‌കൂളിലെ എല്ലാ ജീവനക്കാരും അവര്‍ സയന്‍സാണോ ഫിസിക്‌സാണോ പഠിപ്പിക്കുന്നത് എന്നു പരിഗണിക്കാതെ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവര്‍ ആകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ആന്‍ഡ്രൂ ഐല്‍സ് പറഞ്ഞു.
ബുണ്ടബെര്‍ഗിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളിലെ ജീവനക്കാരനാണ് ആന്‍ഡ്രൂ ഐല്‍സ്. ക്രിസ്ത്യന്‍ മൂല്യങ്ങളും വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള അവകാശങ്ങള്‍ക്കെതിരായ കടന്നാക്രണമെന്നാണ് ക്വീന്‍സ് ലാന്‍ഡിലെ രക്ഷിതാക്കള്‍ നിയമഭേദഗതിയെ വിശേഷിപ്പിച്ചത്.