ക്വീൻസ്‌ലാന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിച്ചു. നിയമം സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ക്വീൻസ്ലാൻറ് സർക്കാർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സൗത്ത് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് കപ്പുകൾക്കും പ്ളേറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്വീൻസ്ലാന്റും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില്പനയിലും വിതരണത്തിലും നിരോധനം ഏർപ്പെടുത്തിയത്.
ഇത് സംബന്ധിച്ച നിയമം ക്വീൻസ്ലാൻറ് പാർലമെന്റിൽ പാസായി. ഇതോടെ പ്ലാസ്റ്റിക് സ്ട്രോകൾ, സ്പൂണുകൾ, പോലീസ്റ്റിറീൻ ഫോം കൊണ്ടുള്ള കണ്ടെയ്നറുകൾ എന്നിവ സംസ്ഥാനത്ത് നിരോധിച്ചു.
സെപ്തംബര് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് പാരിസ്ഥിതിക മന്ത്രി മീഗൻ സ്കാൻലൻ അറിയിച്ചു.
നിയമം നടപ്പിലാകുന്നതോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്ന ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സംസ്ഥാനമാകും ക്വീൻസ്ലാൻറ്.
ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് വഴി സ്ട്രീറ്റുകളും പാർക്കുകളുമെല്ലാം മലിനമാവുകയും മൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യാൻ കരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിന് സമൂഹത്തിൽ നിന്നും വേണ്ട പിന്തുണ ലഭിച്ചതായും മന്ത്രി സൂചിപ്പിച്ചു.
ഇതേക്കുറിച്ച് സമൂഹത്തിലുള്ളവരുമായി ചേർന്ന് നടത്തിയ ചർച്ചയിൽ 20,000 പേർ പ്രതികരിച്ചുവെന്നും ഇതിൽ 94 ശതമാനം പേരും നിരോധനത്തെ പിന്തുണച്ചതായും മന്ത്രി മീഗൻ ചൂണ്ടിക്കാട്ടി.
2023 ഓടെ ഒറ്റത്തവണ ഉപയോഗക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുമെന്ന് വിക്ടോറിയയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കടപ്പാട്: SBS മലയാളം