ക്വീൻസ്ലാന്റ് കാറപകടം: ചികിൽസയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

ക്വീൻസ്ലാന്റിൽ കാറപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന മലയാളി ബാലൻ മരിച്ചു. ഒന്നര ആഴ്ചയിലേറെ ICUവിലായിരുന്ന ക്രിസ് ഔസേപ്പ് ബിപിനാണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.

ക്വീൻസ്ലാന്റിലെ ടൂവൂംബയ്ക്കടുത്ത് ജൂലൈ 22ന് ഉണ്ടായ കാറപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടംഗങ്ങൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

NSWലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് വീടുമാറിപ്പോയ ബിപിൻ-ലോട്സി ദമ്പതികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

കാറും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35കാരിയായ ലോട്സി ജോസും, ആറുവയസുള്ള മകൾ കേറ്റ്ലിൻ ബിപിനുമാണ് സംഭവസ്ഥലത്ത് മരിച്ചിരുന്നത്.

അപകടത്തിൽ പരുക്കേറ്റ ബിപിനെയും രണ്ട് ആൺകുട്ടികളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിൽ മൂത്ത കുട്ടിയായ ക്രിസിന്റെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസങ്ങളിലും അറിയിച്ചിരുന്നത്.

എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ക്രിസും മരണത്തിന് കീഴടങ്ങിയതായി ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചു.

വെന്റിലേറ്ററിലായിരുന്ന ക്രിസിനെ അതിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

എട്ടു വയസ് പൂർത്തിയായി ദിവസങ്ങൾക്കകമാണ് ക്രിസും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ജൂലൈ 29നായിരുന്നു ക്രിസിന്റെ ജന്മദിനം.

നാലു മാസം മുമ്പു മാത്രമായിരുന്നു ബിപിനും മക്കളും ഓസ്ട്രേലിയയിലേക്ക് എത്തിയത്.

ലോട്സിക്ക് പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് വീടു മാറാൻ ഇവർ തീരുമാനിച്ചിരുന്നത്.

അപകടകാരണം എന്താണ് എന്നത് കണ്ടെത്താനുള്ള ഫോറൻസിക് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version