NSWലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾ എത്തുന്നു

വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്കെത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW സർക്കാർ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്നിനാണ് രാജ്യാന്തര അതിർത്തി തുറന്നത്.

ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ്സിനും പൗരന്മാർക്കുമാണ് സംസ്ഥാനത്തേക്കെത്താൻ മുൻഗണന നൽകിയിരുന്നത്. വിദേശത്ത് നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് സംസ്ഥാനത്ത് ക്വാറന്റൈൻ ചെയ്യേണ്ടതില്ല.

രാജ്യാന്തര വിദ്യാർത്ഥികൾക്കും അടുത്ത മാസം മുതൽ സംസ്ഥാനത്തേക്കെത്താമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഇന്തോനേഷ്യ, കാനഡ, ചൈന, വിയറ്റ്നാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 250 രാജ്യാന്തര വിദ്യാർത്ഥികളാണ് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തുന്നത്.

ഡിസംബർ ആറിന് എത്തുന്ന ചാർട്ടഡ് വിമാനത്തിലാകും ഇവർ എത്തുന്നത്.

വിദേശത്ത് നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് പ്രീമിയർ ഡൊമിനിക് പെറോറ്റെ അറിയിച്ചു.

തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അനുമതി നല്കിയിട്ടുളള വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ക്വാറന്റൈൻ ആവശ്യമില്ലാത്തത്.

ഇന്ത്യയിൽ നിർമ്മിച്ച കൊവാക്സിൻ, ചൈനീസ് വാക്‌സിനായി BBIBP-CorV എന്നീ വാക്‌സിനുകൾക്ക് TGA കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

ഇതുവഴി ഈ വാക്‌സിനുകൾ സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്കും, സ്‌കിൽഡ് വിസക്കാർക്കുമെല്ലാം ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്ന് TGA അറിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്നും മറ്റു സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും രാജ്യാന്തര വിദ്യാർത്ഥികളുമായി മറ്റൊരു വിമാനം കൂടി ഉടൻ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

ഇതൊരു നിർണായക നാഴികക്കല്ലാണെന്ന് പ്രീമിയർ പറഞ്ഞു. സംസ്ഥാനത്തിന്റെ
സാമ്പത്തിക രംഗത്തിന് വലിയ സംഭാവനയാണ് രാജ്യാന്തര വിദ്യാർഥികൾ
നൽകുന്നതെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.

രാജ്യാന്തര വിദ്യാർത്ഥികൾ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ചടങ്ങിൽ സൂചിപ്പിച്ചിരുന്നു.

മഹാമാരിക്ക് മുൻപ് 290,000 ത്തിനടുത്ത് രാജ്യാന്തര വിദ്യാർത്ഥികളാണ് ന്യൂ സൗത്ത് വെയിൽസിൽ പഠനത്തിനായെത്തിയിരുന്നത്. 

കടപ്പാട്: SBS മലയാളം

Exit mobile version