ഉക്രയിൻ വിഷയത്തിൽ അകലം പാലിച്ച് ഇന്ത്യ
തീവ്രവാദത്തെ വളർത്തുന്നതിനുള്ള സാമ്പത്തിക സഹായം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ക്വാഡ് കൂട്ടായ്മ. ഇന്ത്യ നേരിട്ട മുംബൈ, പഠാൻ കോട്ട് ഭീകരാക്രമണങ്ങളെയും മെൽബണിൽ നടന്ന ക്വാഡ് ഉച്ചകോടി അപലപിച്ചു.
ഇന്തോ -പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ, വാക്സിൻ വിതരണം, സൈബർ സുരക്ഷ, ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധികൾ എന്നിവയാണ് നാലാമത് ക്വാഡ് ഉച്ചകോടി ചർച്ച ചെയ്തത്.
തീവ്രവാദത്തിനും, തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾക്കുമെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയായി. അഫ്ഗാൻ അതിർത്തികളിൽ ഭീകരവാദം വളരുന്നത് ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും യോഗം വിലയിരുത്തി.
റഷ്യ -ഉക്രയിൻ പ്രശ്നം ചർച്ച ചെയ്ത യോഗം, ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിൻറെ അതിർത്തികളെ ബലപ്രയോഗത്തിലൂടെ മാറ്റാൻ കഴിയില്ലെന്ന് വിലയിരുത്തി.
റഷ്യ -ഉക്രയിൻ പ്രശ്നത്തിൽ നയപരമായ തീരുമാനമുണ്ടാകണമെന്ന് ഇന്ത്യ യോഗത്തിൽ ആവശ്യപ്പെട്ടു. സംഘട്ടനത്തേക്കാൾ സഹകരണത്തിലും സഹവർത്തിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രമണ്യം ജയശങ്കർ യോഗത്തിൽ ആവശ്യപ്പെട്ടു.
വാക്സിൻ വിതരണം
കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണ രംഗത്ത്, സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ക്വാഡ് കൂട്ടായ്മ തീരുമാനിച്ചു. ഇന്തോ -പസഫിക് മേഖലയിൽ ബില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കൻ നിർമ്മിത വാക്സിനുകൾ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് ജപ്പാൻ, ഓസ്ട്രേലിയ ശൃംഖലയിലൂടെ വിതരണം ചെയ്യും. ഇതിനുള്ള സാമ്പത്തിക സഹായം അമേരിക്ക നൽകും.
ലോകത്താകെ 1.3 ബില്യൺ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാനും ക്വാഡ് തീരുമാനമെടുത്തു. നിലവിൽ ഇതു വരെ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ 500 മില്യൺ ഡോസ് വാക്സിൻ വിതരണം ചെയ്തതായും യോഗം വിലയിരുത്തി.
കാലാവസ്ഥ വ്യതിയാനം, 5 ജി നെറ്റ് വർക്ക് , ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളും ക്വാഡ് കൂട്ടായ്മ ചർച്ച ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരുടെ യോഗമാണ് മെൽബണിൽ നടന്നത്. ഓസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസണും യോഗത്തിൽ പങ്കെടുത്തു.
ക്വാഡ് സഖ്യത്തിലെ പ്രധാന നേതാക്കൻമാർ പങ്കെടുക്കുന്ന യോഗം ഉടൻ ചേരാനും സഖ്യം തീരുമാനമെടുത്തിട്ടുണ്ട്.
കടപ്പാട്: SBS മലയാളം