വിവിധ രാജ്യങ്ങളിൽ വാക്‌സിൻ നല്കാൻ തുടങ്ങിയതിനെത്തുടർന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന നടപടി നേരെത്തെയാക്കുമെന്ന് ക്വാണ്ടസ് അറിയിച്ചു.
2021 ഒക്ടോബർ മാസം വരെ റദ്ദാക്കിയിരുന്ന അമേരിക്കയിലേക്കും ബ്രിട്ടണിലേക്കുമുള്ള സർവീസുകളാണ് ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ക്വാണ്ടസ് അറിയിച്ചത്.
ഓസ്‌ട്രേലിയയിലും രാജ്യാന്തര തലത്തിലും വാക്സിൻ പദ്ധതികൾ പുരോഗമിക്കുന്നതുമാണ് പ്രഖ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ക്വാണ്ടസ് ചൂണ്ടിക്കാട്ടിയത്.
വാക്സിൻ പദ്ധതികൾക്കായി മെൽബൺ ആസ്ഥാനമായുള്ള പരീക്ഷണത്തിന് ഫെഡറൽ സർക്കാർ 1.6 മില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഹോംഗ് കോംഗ്, ജപ്പാൻ, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മുൻപ് തീരുമാനിച്ചതിലും വൈകിയായിരിക്കും ആരംഭിക്കുക എന്ന് ക്വാണ്ടസ് അറിയിച്ചു.
ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മാസത്തിൽ വീണ്ടും തുടങ്ങാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ സുരക്ഷിതമായ യാത്രാ ബബിൾ രൂപീകരിച്ചതിന് ശേഷം ജൂലൈ ഒന്നോടെ തുടങ്ങാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള സർവീസുകൾ ഉൾപ്പെടെ ഇപ്പോൾ പരിമിതമായ രീതിയിൽ മാത്രമാണ് രാജ്യാന്തര വിമാന സർവീസുകൾ ക്വാണ്ടസ് നടത്തുന്നത്.
കടപ്പാട്: SBS മലയാളം