ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകൾ 85 ശതമാനം ഓഫറിൽ; സംഗതി ഹിറ്റായതോടെ വലഞ്ഞ് വിമാനകമ്പനി

സിഡ്നി: കോഡിങ്ങിലെ പിഴവു കാരണം വിമാനകമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഓസ്ട്രേലിയൻ വിമാനകമ്പനിയായ ക്വാണ്ടാസിന്റെ വെബ്സൈറ്റിലെ കോഡിങ്ങ് പിഴവു മൂലം ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകൾ 85 ശതമാനം ഓഫറിലാണ് വിറ്റുപോയത്.

എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഷാംപെയ്ൻ, കിടക്കയോടുകൂടിയ വിശാലമായ ഇരിപ്പിടങ്ങൾ, മെനു എന്നിങ്ങനെ ആഡംബര സേവനങ്ങളുള്ള ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ വിറ്റത്.

വ്യാഴാഴ്ചയാണ് ക്വാണ്ടാസ് എയർവേയ്‌സിന്റെ വെബ്സൈറ്റിൽ ഓസ്ട്രേലിയ- യുഎസ് ഫ്ലൈറ്റുകളിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിൽ അത്യപൂർവമായ ഓഫറുകൾ പ്രത്യകഷപ്പെട്ടത്. 15,000 ഡോളർ വിലയുള്ള ടിക്കറ്റിന്റെ വില 5000 ഡോളറിൽ താഴെ. നിമഷ നേരം കൊണ്ട് നിരവധി യാത്രക്കാർ ടിക്കറ്റ് വാങ്ങിയിരുന്നു. ഏകദേശം എട്ട് മണിക്കൂറാണ് ഈ തകരാർ നീണ്ടുനിന്നത്.

സംഭവം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും 300 ഓളം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. കമ്പനിയുടെ നിയമമനുസരിച്ച് തെറ്റായ നിരക്കുകൾ അവതരിപ്പിച്ചാൽ ടിക്കറ്റ് ബുക്കിങ് റദ്ദാക്കാനും റീഫണ്ട് നൽകാനും പുതിയ ടിക്കറ്റ് നൽകാനും ക്വാണ്ടാസിന് അധികാരമുണ്ട്.

അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാരന് സാധാരണയേക്കാൾ 65 ശതമാനം ഇളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നേരത്തെ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റതിന് ഈ വർഷമാദ്യം, ക്വാണ്ടാസിന് പിഴ ചുമത്തിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനുമായുള്ള ഒത്തുതീർപ്പിൽ മൊത്തം 100 ഓസ്‌ട്രേലിയൻ ദശലക്ഷം ഡോളറാണ് കമ്പനി നഷ്ടപരിഹാരമായി നൽകിയത്. ഇതിനു പിന്നാലെയാണ് കോഡിങ്ങിൽ പിഴവ് സംഭവിക്കുന്നത്.

Exit mobile version