ക്വാണ്ടസ് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു

ക്രിസ്ത്മസിന് മുൻപായി ഓസ്ട്രേലിയയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഡിസംബറിൽ പുനരാരംഭിക്കുമെന്ന് ക്വാണ്ടസ് സി ഇ ഒ അലൻ ജോയ്‌സ് അറിയിച്ചു.

ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചിട്ട് ഒന്നേമുക്കാൽ വർഷം പിന്നിട്ടിരിക്കുകയാണ്. ഇതേതുടർന്ന് ആയിരക്കണക്കിന് പേരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.

ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ അറിയിച്ചിരുന്നു.

ന്യൂ സൗത്ത് വെയിൽസ് രാജ്യാന്തര യാത്രക്കാരെ അനുവദിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെയും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ക്വാണ്ടസ് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന നടപടി വ്യക്തമാക്കിയത്.

ഡിസംബർ 21 മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കും വിമാന സർവീസുകൾ പുനരാരംഭിക്കുകയാണെന്ന് അലൻ ജോയ്‌സ് അറിയിച്ചു.

സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്കാണ് വിമാന സർവീസ് തുടങ്ങുന്നത്. 

ഡിസംബർ ആറിനാണ് സിഡ്നി-ഡൽഹി വിമാന സർവീസ് ആരംഭിക്കുന്നതെന്ന് ക്വാണ്ടസ് വ്യക്തമാക്കി. ഡാർവിൻ വഴിയാകും ഈ സർവീസ്. 

ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകുമെന്നും ക്വാണ്ടസ് അറിയിച്ചു.

ഒരു ദശാബ്ദത്തിന് ശേഷമാണ് ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് ക്വാണ്ടസ് കൊമേർഷ്യൽ വിമാന സർവീസുകൾ തുടങ്ങുന്നത്. 

സിഡ്‌നിയിൽ നിന്ന് സിംഗപ്പൂരിലേക്കും നവംബർ അവസാനത്തോടെ വിമാന സർവീസ് തുടങ്ങും.

കൂടാതെ ഫിജി, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഡിസംബർ ആദ്യവും, ഫുക്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ജനുവരി മധ്യത്തിലുമാണ് സർവീസ് തുടങ്ങുന്നത്.

സിംഗപ്പൂരിലേക്കുള്ള വിമാന സർവീസ് നവംബർ 23 നാണ് തുടങ്ങുന്നത്. ഫിജിയിലേക്ക് ഡിസംബർ ഏഴിനും, ജൊഹനസ്ബർഗിലേക്ക് ജനുവരി അഞ്ചിനും, ബാങ്കോക്കിലേക്ക് ജനുവരി 14നും, ഫുക്കറ്റിലേക്ക് ജനുവരി 12 നുമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

ക്വാണ്ടസിലും ജെറ്റ്സ്റ്റാറിലും യാത്ര ചെയ്യുന്നവർ TGA അംഗീകൃത വാക്‌സിനുകൾ സ്വീകരിച്ചിരിക്കണമെന്ന് ക്വാണ്ടസ് നേരത്തെ അറിയിച്ചിരുന്നു. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറുകൾക്ക് മുൻപ് കൊവിഡ് നെഗറ്റീവ് ആയിരിക്കണമെന്നും ക്വാണ്ടസ് അറിയിച്ചിട്ടുണ്ട്.   

മഹാമാരി തുടങ്ങിയ ശേഷം 6,000 രാജ്യാന്തര വിമാന ജീവനക്കാരെയും 5,000 ആഭ്യന്തര വിമാന ജീവനക്കരെയും ക്വണ്ടസ് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ആഭ്യന്തര യാത്ര പുനരാരംഭിക്കുന്നതോടെ ആഭ്യന്തര വിമാന ജീവനക്കരെ ജോലിയിലേക്ക് തിരികെ വിളിക്കുമെന്ന് അലൻ ജോയ്‌സ് വ്യക്തമാക്കി. 

കഴിഞ്ഞ 20 മാസങ്ങൾ ക്വണ്ടസിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളായിരുന്നുവെന്ന് അലൻ ജോയ്‌സ് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button