2020 ൽ വീടുകളുടെ വില ഉയർന്നു; ഈ വർഷവും വില കൂടുമെന്ന് വിദഗ്ധർ
2020 ൽ വീടുകളുടെ വില വലിയ രീതിയിൽ ഇടിയുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും മെൽബണിലൊഴിച്ച് എല്ലാ ഓസ്ട്രേലിയൻ നഗരങ്ങളിലും വീടുകളുടെ വില ഉയർന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ പല ഉൾനാടൻ പ്രദേശങ്ങളിലും വില കൂടിയതായാണ് കണക്കുകൾ.
2020ൽ പല വിദഗ്ധരും പ്രവചിച്ചതിന് വിരുദ്ധമായി ഓസ്ട്രേലിയയിൽ വീടുകളുടെ വില മൂന്ന് ശതമാനം കൂടി. വീടുകളുടെ വില 2021ലും കൂടുമെന്ന് തന്നെയാണ് ഇപ്പോഴുള്ള കണക്കുകൂട്ടൽ.
റിയൽ എസ്റ്റേറ്റ് രംഗത്തുള്ള പലരും വീടുകളുടെ വില 2020ൽ ഇടിയുമെന്നുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഓസ്ട്രേലിയയിൽ കൊവിഡിന്റെ ഭീഷണയുള്ളതിനാൽ വീടുകളുടെ വിലയിൽ 30 ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കാം എന്നായിരുന്നു കോമൺവെൽത് ബാങ്ക് നൽകിയിരുന്നു മുന്നറിയിപ്പ്.
എന്നാൽ വീടുകളുടെ വില 2019 നേക്കാളും മൂന്ന് ശതമാനം രാജ്യത്ത് കൂടിയതായാണ് 2020 ഡിസംബർ മാസത്തെ കോർലോജിക് ദേശീയ ഹോം വാല്യൂ ഇൻഡക്സ് വ്യക്തമാക്കുന്നത്.
സിഡ്നിയിൽ നാല് ശതമാനം ഉയർന്നു
2020 ൽ സിഡ്നിയിലെ വീടുകളുടെ വില നാല് ശതമാനം ഉയർന്നുവെന്നാണ് കോർലോജിക് റിപ്പോർട്ട്.
ഉൾനാടൻ NSW ൽ കഴിഞ്ഞ വര്ഷം ഡിസംബർ മാസം വരെയുള്ള കണക്കുകളിൽ 8.8 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
മെൽബണിൽ ഈ കാലയളവിൽ രണ്ട് ശതമാനത്തോളം ഇടിവുണ്ടായെങ്കിലും ഉൾനാടൻ വിക്ടോറിയയിൽ 5.5 ശതമാനം വില കൂടി.
പെർത്തിൽ വീട് വില്പനയും കൂടി
പെർത്തിൽ 2019നെ അപേക്ഷിച്ച് 2020ൽ വീടുകളുടെ വില്പന 42.5 ശതമാനം കൂടിയതായി റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ചൂണ്ടിക്കാട്ടി.
2021ലും പെർത്തിൽ വീടികളുടെ വില കൂടുമെന്നാണ് രംഗത്തുള്ള വിദഗ്ധർ വിലയിരുത്തുന്നത്. പെർത്തിൽ വീടുകളുടെ മീഡിയൻ വില പത്ത് ശതമാനം കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഡാർവിനിലും കാൻബറയിലും ഹൊബാർട്ടിലും ഏറ്റവും കൂടുതൽ വില
ഡാർവിൻ, കാൻബറ, ഹൊബാർട്ട് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ വില വർദ്ധനവുണ്ടായത്.
ഡാർവിനിൽ 11.9 ശതമാനവും കാൻബറയിൽ 8.5 ശതമാനവും ഹൊബാർട്ടിൽ 7 .7 ശതമാനവും വർദ്ധനവ് ഉണ്ടായെന്നാണ് കോർലോജിക് റിപ്പോർട്ട്.
2020 ഡിസംബർ മാസത്തിൽ ബ്രിസ്ബൈനിലും വീടുകളുടെ വില കൂടിയതായാണ് കണക്കുകൾ. ഡിസംബറിൽ 1.1 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
മെൽബണിൽ വീടുകളുടെ വില ഇപ്പോഴും 2019 മാർച്ച് മാസത്തിലെ ഉയർന്ന കണക്കുകളെക്കാൾ 4.1 ശതമാനം കുറവാണെന്നാണ് കോർലോജിക് റിപ്പോർട്ട്.
സിഡ്നിയിൽ 2017 ജൂലൈയിലെ ഉയർന്ന കണക്കുകളേക്കാൾ 3.9 ശതമാനം കുറഞ്ഞാണ് ഇപ്പോഴുള്ള വീട് വില.
ബാങ്കിങ് പലിശ നിരക്ക് റെക്കോർഡ് തലത്തിൽ കുറഞ്ഞതും കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നടപ്പിലാക്കിയ ജോബ്കീപ്പർ പദ്ധതിയുൾപ്പെടെയുള്ള കാര്യങ്ങളും വീടുകളുടെ വില കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
ഉൾനാടൻ ഓസ്ട്രേലിയയിലും വീട് വില കൂടി
ഓസ്ട്രേലിയയിലെ ഉൾനാടൻ മേഖലയിലെ വീടുവിലയും കൂടിയതായാണ് കണക്കുകൾ.
ഉൾനാടൻ മേഖലയിൽ 6.9 ശതമാനമാണ് വില കൂടിയിരിക്കുന്നതെന്ന് കോർലോജിക് കണക്കുകൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഒരു വർഷത്തിൽ ഉൾനാടൻ ടാസ്മേനിയയിൽ വീടുകളുടെ വില 12 ശതമാനം കൂടിയതായാണ് കണക്കുകൾ.
ഈ കാലയളവിൽ രാജ്യത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വർദ്ധനവാണ് ഉൾനാടൻ ടാസ്മേനിയയിൽ കണ്ടത്.
ഈ മേഖലയിൽ വീടുകളുടെ ലഭ്യതയേക്കാൾ കൂടുതൽ ആവശ്യക്കാർ ഉള്ളതാണ് പ്രധാന കാരണം.
കടപ്പാട്: SBS മലയാളം