ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി

കാന്‍ബറ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിച്ചതോടെ ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിര്‍ദ്ദേശം പുതുക്കി. രാജ്യത്ത് ആക്രമണ സാധ്യത വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വ്യക്തമാക്കി.

ഗാസാ വിഷയം ഉള്‍പ്പെടെ രാഷ്ട്രീയവും ആശയപരവുമായ തീവ്രവാദ നിലപാടുകളുടെ വര്‍ധനയാണ് തോത് ഉയര്‍ത്താന്‍ കാരണം.

ഓസ്ട്രേലിയയുടെ സുരക്ഷാ അന്തരീക്ഷം കൂടുതല്‍ അസ്ഥിരവും പ്രവചനാതീതവുമായി മാറിയതായി ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് പറഞ്ഞു.

‘കൂടുതല്‍ ഓസ്ട്രേലിയക്കാര്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവരുടെ ലക്ഷ്യം നേടാന്‍ ആക്രമണങ്ങള്‍ക്ക് തയാറാകുന്നു. ചാരവൃത്തിയും വിദേശ ഇടപെടലുകളും തീവ്രവാദ പ്രേരിതമായ ആക്രമണങ്ങളുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന സുരക്ഷാ പ്രശ്നങ്ങളായി ഞങ്ങള്‍ കാണുന്നത് – മൈക്ക് ബര്‍ഗെസ് പറഞ്ഞു.

ഗാസയിലെ സംഘര്‍ഷം മാത്രമല്ല ജാഗ്രതാ നിര്‍ദേശം വര്‍ധിപ്പിക്കാന്‍ കാരണം. അതൊരു പ്രധാനപ്പെട്ട കാരണമായിരുന്നു. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തേക്കാളുപരി വിവിധ തീവ്രവാദ ആശയങ്ങളുടെ വര്‍ധനയാണ് ആക്രമണ സാധ്യതയുടെ തോത് ഉയര്‍ത്താന്‍ കാരണം.

അതേ സമയം ഭീഷണിയുടെ തോത് വര്‍ധിപ്പിച്ചതിന് അര്‍ത്ഥം ഉടന്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദ വിരുദ്ധതയുടെ കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിനേക്കാളുപരി കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ തീവ്രവാദം ആരോപിക്കപ്പെടുന്ന എട്ട് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സിഡ്‌നിയിലെ ഷോപ്പിങ് മാളിലും ക്രിസ്ത്യന്‍ പള്ളിയിലും പെര്‍ത്ത് നഗരമധ്യത്തിലും ഉണ്ടായ കത്തി ആക്രമണങ്ങള്‍ ഉള്‍പ്പെടെ അടുത്തിടെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങള്‍ക്കു മുതിരുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച തീവ്രവാദ ആശയങ്ങളുടെ വളര്‍ച്ചയ്ക്ക് വളമിടുന്നു.

ഓസ്ട്രേലിയക്കാര്‍ തീവ്രവാദ ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.

‘നാം ഒരു അപകടകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും ഗാസയിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ സമാധാനപരമായി ചര്‍ച്ച ചെയ്യാനും ഓസ്ട്രേലിയക്കാര്‍ക്ക് കഴിയണമെന്ന് അല്‍ബനീസി പറഞ്ഞു.

‘ആളുകള്‍ പ്രത്യേക വീക്ഷണങ്ങളുമായി പൊരുത്തപ്പെടണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല, എന്നാല്‍ ആളുകള്‍ അതു പ്രകടിപ്പിക്കുന്ന രീതി പ്രധാനമാണ്’ – പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

Related Articles

Back to top button