സ്ത്രീകളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്

വിക്ടോറിയയിൽ കുറഞ്ഞത് 34 സ്ത്രീകളെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തി. ‘സെക്‌സ്റ്റോർഷൻ’ തട്ടിപ്പിൽ കൂടുതൽ സ്ത്രീകൾ ഇരയാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

സ്ത്രീകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉള്ള സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന തട്ടിപ്പിൽ കുറഞ്ഞത് 34 സ്ത്രീകളെങ്കിലും മെൽബണിൽ ഇരയായതായി വിക്ടോറിയ പോലീസ് കണ്ടെത്തി.

ഒരു സുഹൃത്തിന്റെ സമൂഹമാധ്യമ അക്കൗണ്ട് റിക്കവർ ചെയ്യുന്നതിനോ അൺലോക്ക് ചെയ്യുന്നതിനോ ‘ഒതെന്റിക്കേഷൻ’ അഥവാ സ്ഥിരീകരണ കോഡ് ആവശ്യപ്പെട്ട് കൊണ്ട് അഭ്യർത്ഥന ലഭിച്ചാൽ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

ഈ രീതിയിലാണ് ‘സെക്‌സ്റ്റോർഷൻ’ തട്ടിപ്പുകാർ സ്ത്രീകളുടെ അക്കൗണ്ടിൽ കയറുകയും അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്ന് പോലീസ് ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ആയതിനെ തുടർന്ന് അൺലോക്ക് ചെയ്യുന്നതിന് സ്ഥിരീകരണ കോഡിനായി നിങ്ങളെ നാമനിർദ്ദേശം ചെയ്തിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു സുഹൃത്ത് നിങ്ങളെ ബന്ധപ്പെട്ടേക്കാം.

സ്ഥിരീകരികരണ കോഡ് നൽകുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് തട്ടിപ്പുകാർ അപഹരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ സ്ഥിരീകരണ കോഡിനായി സുഹൃത്തുക്കളെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സന്ദേശം ലഭിച്ചാൽ അത് തട്ടിപ്പുകാരായിരിക്കും എന്ന് മനസ്സിലാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

പരിചയമുള്ള ഒരു സുഹൃത്തിൽ നിന്നാണ് ഈ അഭ്യർത്ഥന എങ്കിൽ കൂടി ഇതിന് പുറകിൽ തട്ടിപ്പുകാരാണെന്ന് അറിയണമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ട് അപഹരിച്ച ശേഷം തട്ടിപ്പുകാർ ഇരയായ സ്ത്രീയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമ പേജിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചേക്കും.

മറ്റൊരു സമൂഹമാധ്യമ പേജിലേക്ക് മാറുവാൻ ആവശ്യപ്പെടുകയോ കൂടുതൽ സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നത് തട്ടിപ്പുകാരുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു.

2019 മുതൽ കുറഞ്ഞത് 34 സ്ത്രീകളെങ്കിലും ഈ തട്ടിപ്പിന് ഇരയായിട്ടുള്ളതായി പോലീസ് ചൂണ്ടിക്കാട്ടി.

ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു.

ഈ ഓൺലൈൻ തട്ടിപ്പുകളിൽ കാണുന്നത് പോലെ സ്ഥിരീകരണ കോഡിനായി സുഹൃത്തുക്കളെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സന്ദേശം ലഭിച്ചാൽ അത് തട്ടിപ്പുകാരായിരിക്കും എന്ന് മനസ്സിലാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസ് നിർദ്ദേശിക്കുന്നു.

ഇതിന് പുറമെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവർ പോലീസിനെ ബന്ധപ്പെടണമെന്ന് സൈബർ ക്രൈം സ്ക്വാഡ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബോറിസ് ബ്യൂക്ക് അവശ്യപ്പെട്ടു. വളരെ കുറച്ച് പേർ മാത്രമാണ് ഇതുവരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version