ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന് അനുമതി

ഓസ്‌ട്രേലിയയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം, രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.

ഓസ്‌ട്രേലിയയുടെ വാക്‌സിനേഷന്‍ പദ്ധതിയിലുള്‍പ്പെടുന്ന മൂന്ന് വാക്‌സിനുകളിലൊന്നാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍.

തെറാപ്യൂട്ടിക് ഗുഡ്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന് പ്രൊവിഷണല്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു.

അടുത്ത രണ്ടു വര്‍ഷത്തേക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് ഇത്.

മറ്റു പല രാജ്യങ്ങളിലും നല്കിയതുപോലുള്ള അടിയന്തര അനുമതി അല്ല ഓസ്‌ട്രേലിയയില്‍ ഉള്ളതെന്നും, എല്ലാ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളും പൂര്‍ത്തീകരിച്ച ശേഷമാണ് TGAയുടെ നടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കി വാക്‌സിന് അനുമതി നല്‍കിയ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ.

16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് TGA അനുമതി നല്‍കിയിരിക്കുന്നത്.

രണ്ടു ഡോസ് വാക്‌സിനാണ് ഒരാള്‍ക്ക് നല്‍കുക. കുറഞ്ഞത് 21 ദിവസത്തിന്റെ ഇടവേളയിലായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.

ഫെബ്രുവരി അവസാന വാരമായിരിക്കും ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുക.

ഫെബ്രുവരി മധ്യത്തോടെ വാക്‌സിന്‍ നല്‍കും എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ വാക്‌സിന്‍ ഉത്പാദകരില്‍ നിന്ന് ഇത് ലഭ്യമാകുന്നതിന് ആഗോള തലത്തില്‍ കാലതാമസം നേരിടുന്നുണ്ടെന്നും, ഇതാണ് ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ വിതരണവും നേരിയ തോതില്‍ വൈകാന്‍ കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 80,000 പേര്ക്കാകും വാക്‌സിന്‍ നല്‍കുക.

ഈ തോത് വര്‍ദ്ധിപ്പിക്കുകയും, ഏപ്രില്‍ ആകുമ്പോള്‍ 40 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്കുകയും ചെയ്യും.

മാര്‍ച്ച് അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കാമെന്നാണ് ആദ്യം പ്രതീക്ഷിച്ചതെങ്കിലും, വാക്‌സിന്‍ ലഭിക്കുന്നതിലെ കാലതാമസം കാരണമാണ് ഏപ്രിലാകുന്നത്.

ഒരു കോടി ഡോസ് ഫൈസര്‍ വാക്‌സിനു വേണ്ടിയാണ് ഓസ്‌ട്രേലിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

50 ലക്ഷം പേര്‍ക്ക് ഇത് നല്‍കാന്‍ കഴിയും.

ഇതിനു പിന്നാലെ ആസ്ട്ര സെനക്ക- ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിനും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

നൊവാവാക്‌സ് വാക്‌സിനും അനുമതിക്കായി കാത്തിരിക്കുന്നുണ്ട്.

ഫൈസര്‍ വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ തന്നെ നിര്‍മ്മിക്കുമെന്നും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ആദ്യം ആഴ്ചയിൽ 80,000 പേര്‍ക്ക് കൊടുത്തു തുടങ്ങുന്ന വാക്‌സിന്‍, ഓസ്‌ട്രേലിയയില്‍ ഉത്പാദനം തുടങ്ങുമ്പോള്‍ ആഴ്ചയില്‍ 10 ലക്ഷം പേര്‍ക്കായി ഉയരും.

ക്വാറന്റൈന്‍ രംഗത്തും, അതിര്‍ത്തികളിലും ജോലി ചെയ്യുന്നവര്‍ക്കും, കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്ക്കും, ഏജ്ഡ് കെയര്‍, ഡിസെബിലിറ്റി കെയര്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്കും അവിടെ കഴിയുന്നവര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക.

ഇതിനായി ആദ്യം 30 മുതല്‍ 50 വരെ ആശുപത്രികളില്‍ സൗകര്യമൊരുക്കും.

തുടര്‍ന്ന് 1,000 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യമുണ്ടാകും.

അഞ്ചു ഘട്ടങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button