വിക്ടോറിയയിൽ 16നും 59 നുമിടയിലുള്ളവർക്കും ഫൈസർ വാക്‌സിൻ
വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമായവർക്ക് ഇനി മുതൽ ഫൈസർ വാക്‌സിൻ സ്വീകരിക്കാമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
വാക്‌സിനേഷൻ പദ്ധതി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്.
ഓഗസ്റ്റ് 25 മുതൽ 18 മുതൽ 59 നുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിനോ ആസ്ട്രസെനക്ക വാക്‌സിനോ തെരഞ്ഞെടുക്കാം.
16നും 17നുമിടയിൽ പ്രായമായവർക്ക് ഫൈസർ ആണ് സ്വീകരിക്കാവുന്നത്.
എന്നാൽ 60 നു മേൽ പ്രായമായവർക്ക് ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിക്കാനാണ് സർക്കാർ നൽകുന്ന നിർദ്ദേശം.
18 വയസ്സിനും 39നുമിടയിൽ പ്രായമായവർക്ക് ആസ്ട്രസെനക്ക സ്വീകരിക്കാനായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇവർക്ക് ഫൈസറും തെരഞ്ഞെടുക്കാം.
അതിനാൽ, ഓഗസ്റ്റ് 25 മുതൽ ആസ്ട്രസെനക്ക വാക്‌സിൻ ബുക്ക് ചെയ്ത, 18 വയസ്സിനും 39നുമിടയിൽ പ്രായമായവർ ഫൈസർ വാക്‌സിൻ എടുക്കാനാണ് താല്പര്യപ്പെടുന്നതെങ്കിൽ, അപ്പോയിന്റ്മെന്റ് മാറ്റിയെടുക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ല.
പകരം, വാക്‌സിനേഷനായി എത്തുമ്പോൾ ഫൈസർ വാക്‌സിനാണ് വേണ്ടതെങ്കിൽ അത് ആവശ്യപ്പെടാവുന്നതാണ്.
നാളെ (ബുധനാഴ്ച) രാവിലെ ഏഴു മണി മുതൽ സർക്കാർ നടത്തുന്ന വാക്‌സിനേഷൻ ഹബുകളിൽ വാക്‌സിനേഷൻ ബുക്ക് ചെയ്യാം.
അതിനിടെ, സംസ്ഥാനത്ത് 50 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 39 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നെന്ന് പ്രീമിയർ അറിയിച്ചു.
കടപ്പാട്: SBS മലയാളം