ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് ഓസ്‌ട്രേലിയയിൽ എത്തി. ഫെബ്രുവരി 22 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹാന്റ് അറിയിച്ചു.
തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ച ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് ഓസ്‌ട്രേലിയയിൽ എത്തിയതായി ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
ഈയാഴ്ച അവസാനത്തോടെ വാക്‌സിൻ എത്തുമെന്നാണ് നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ചതിലും നേരത്തെ വാക്‌സിൻ രാജ്യത്തെത്തിയതായി മന്ത്രി അറിയിച്ചു.
വാക്‌സിന്റെ 142,000 ലേറെ ഡോസുകളാണ് തിങ്കളാഴ്ച ഉച്ചയോടെ യൂറോപ്പിൽ നിന്ന് സിഡ്‌നിയിൽ എത്തിയത്.
പ്രതീക്ഷിച്ചതിലും നേരത്തെ വാക്‌സിൻ എത്തിയ സാഹചര്യത്തിൽ ആദ്യ ഡോസ് ഫെബ്രുവരി 22 മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെത്തിയ വാക്‌സിൻ സുരക്ഷിതമായ നിലയിലാണോ എന്ന കാര്യം തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തും.
ആഴ്ചയിൽ 80,000 ഡോസുകൾ വിതരണം ചെയ്യാനാണ് സർക്കാരിന്റെ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കായി 50,000 ഡോസുകൾ മാറ്റിവയ്ക്കും.
ബാക്കിയുള്ള 30,000 ഡോസുകൾ രാജ്യത്തെ ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലുമുള്ള താമസക്കാർക്കും ജീവനക്കാർക്കുമാണ് നൽകുക.
ഈ മാസം അവസാനത്തോടെ 60,000 ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഹണ്ട് പറഞ്ഞു.
ഇതിനായി എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
-60 ഡിഗ്രിക്കും -90 ഡിഗ്രി താപനിലക്കുമിടയിൽ വേണം ഫൈസർ വാക്‌സിൻ സൂക്ഷിക്കാൻ.
രാജ്യത്ത് വാക്‌സിൻ എത്തിയ ശേഷം ഇവ ആശുപത്രികളിലേക്കും ജി പി ക്ലിനിക്കുകളിലേക്കും ഫർമാസികളിലേക്കുമെല്ലാം വിതരണം ചെയ്യുന്നത് ഡി എച് എൽ ലോഡിസ്റ്റിക്സ് കമ്പനിയാണ്.
ഫൈസർ വാക്‌സിനുകളുടെ 140,000 ഡോസുകൾ സൂക്ഷിക്കാൻ ശേഷിയുള്ള ഫ്രീസറുകൾ കമ്പനി വാങ്ങിയതായി ഡി എച് എൽ സപ്ലൈ ചെയിൻ സി ഇ ഒ സോൾ റെസ്‌നിക് പറഞ്ഞു.
കടപ്പാട്: SBS മലയാളം