ഹൈ-റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ നീക്കണമെന്നു ആവശ്യപ്പെട്ട് നിവേദനം

ഇന്ത്യയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ‘ഹൈ-റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജർ ക്യാംപയിൻ തുടങ്ങി.

കൊവിഡ് ബാധ രൂക്ഷമായ മേയിലാണ് ഇന്ത്യയെ ‘ഹൈ-റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ ഉൾപ്പെടുത്തിയത്.

എന്നാൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം കുറഞ്ഞെങ്കിലും ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല.

ബ്രിട്ടൻ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഡെൽറ്റ വകഭേദം പടർന്നിട്ടുണ്ടെങ്കിലും, ഇന്ത്യയെ മാത്രമാണ് ‘ഹൈ-റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ഇത് വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി ഓൺലൈൻ ഒപ്പ് ശേഖരണം ആരംഭിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജർ.

ഇന്ത്യയിൽ കൊവിഡ് വ്യാപനം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കുറവാണെന്നും യാത്രാ ഇളവുകളിലെ മാനദണ്ഡങ്ങൾ വിപുലീകരിക്കണമെന്നുമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കുള്ള നിവേദനത്തിലെ ആവശ്യം.

നിവേദനം ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് 1,700 ലേറെ പേർ നിവേദനത്തിൽ ഒപ്പ് വച്ചു.

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇളവുകൾ ആവശ്യപ്പെട്ട നൂറുകണക്കിന് പേരുടെ അപേക്ഷയാണ് സർക്കാർ നിരസിച്ചിരിക്കുന്നത്.

ഇതേത്തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ ഇളവുകൾ ഇന്ത്യയിലേക്കും ബാധകമാക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ഈ സാഹചര്യങ്ങളിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ:

* ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സഹായം നൽകുന്ന അടിയന്തര മേഖലയിൽ ജോലി ചെയ്യുന്നവർ
* ഓസ്‌ട്രേലിയയുടെ ദേശീയ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ
* ഓസ്‌ട്രേലിയയിൽ ചികിത്സിക്കാൻ കഴിയാത്ത ഗുരുതര രോഗങ്ങൾക്കുള്ള അടിയന്തര ചികിത്സ ആവശ്യമായവർ
* അടുത്ത ബന്ധുക്കളുടെ മരണം മൂലമോ മരണാന്തര ചടങ്ങുകൾക്കോ പോകുന്നവർ
* ഗുരുതര രോഗം ബാധിച്ച അടുത്ത ബന്ധുവിനെ സന്ദർശിക്കുന്നവർ
* ഓസ്‌ട്രേലിയൻ പൗരനോ റെസിഡന്റൊ ആയ കുട്ടികളെ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുന്നവർ

എന്നാൽ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ രണ്ടാം വ്യാപനം രൂക്ഷമായപ്പോൾ ഓസ്ട്രേലിയ ഏർപ്പെടുത്തിയ യാത്രാ വിലക്കിനെ തങ്ങൾ പിന്തുണച്ചിരുന്നുവെന്നും, എന്നാൽ നിലവിൽ ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെട്ടതോടെ സർക്കാർ ഇത് പരിഗണിക്കണമെന്നും നിവേദനം ആരംഭിച്ച അമിത് ജോറ ആവശ്യപ്പെട്ടു.

ബ്രിട്ടനും അമേരിക്കക്കും ഏർപ്പെടുത്താത്ത നിയന്ത്രണം ഇന്ത്യക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്നും, മറ്റുള്ള രാജ്യങ്ങളെപോലെ തന്നെ ഇന്ത്യയെയും കണക്കാക്കണമെന്നും നിവേദനത്തിൽ പറയുന്നു.

ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ജൂലൈ ആറിന് 34,703 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ എട്ട് ദിവസത്തിൽ മൂന്നാം തവണയാണ് കേസുകൾ 40,000ത്തിന് താഴേക്കെത്തുന്നത്.

Related Articles

Back to top button