കൊവിഡ് വാക്സിനേഷന്റെ വേഗത കൂട്ടുമെന്ന് ഫെഡറൽ സർക്കാർ
ഓസ്ട്രേലിയയിൽ തന്നെ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ ലഭ്യത കൂടുന്നതോടെ, രാജ്യത്തെ വാക്സിനേഷൻ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ആസ്ട്രസെനക്ക വാക്സിൻ വിതരണം തുടരാൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി.
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിനേഷന്റെ നിരക്ക് കുറഞ്ഞതിന്റെ പേരിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ഉദ്ദേശിച്ച വേഗതയിൽ വാക്സിൻ ഡോസുകൾ ലഭ്യമാകാത്തതിനെ തുടർന്ന് പരാതിയുമായി നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു.
മാർച്ച് അവസാനിക്കുമ്പോൾ 40 ലക്ഷം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകാനായിരുന്നു പദ്ധതിയെങ്കിലും, എട്ടു ലക്ഷത്തിൽ താഴെ പേർക്ക് മാത്രമാണ് ഇത് ലഭിച്ചത്.
ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ ലഭ്യതയുടെ പ്രശ്നമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത് എന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
അമേരിക്കയിലും യു കെയിലും ഉള്ളതുപോലെ ഓസ്ട്രേലിയയിൽ രോഗം പടർന്നുപിടിക്കാത്തതിനാൽ, വാക്സിനേഷന്റെ കാര്യത്തിൽ “ഭ്രാന്തമായ ആശങ്ക” വേണ്ടെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റൻ പറഞ്ഞു.
ഓസ്ട്രേലിയൻ മരുന്നു നിർമ്മാതാക്കളായ CSL തദ്ദേശീയമായി ആസ്ട്രസെനക്ക വാക്സിൻ നിർമ്മിക്കുന്നതിനാൽ ഇനി വാക്സിനേഷന്റെ വേഗത കൂട്ടാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും വ്യക്തമാക്കി.
ഡോസുകൾ ലഭ്യമാകുമ്പോൾ വാക്സിനേഷന്റെ വേഗത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് ഫെഡറൽ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. NSWൽ അടുത്തയാഴ്ച 36 പുതിയ വാക്സിൻ ക്ലനിക്കുകൾ കൂടി തുടങ്ങും. നിലവിലുള്ള 79 ക്ലിനിക്കുകൾക്ക് പുറമേയാണിത്.
ദേശീയ തലത്തിൽ വാക്സിൻ ക്ലിനിക്കുകളുടെ എണ്ണം ഈയാഴ്ച അവസാനത്തോടെ ഇരട്ടിയാക്കും.
നിലവിൽ 1,500ഓളം ക്ലിനിക്കുകളുള്ളത്, 3,000 ആക്കി ഉയർത്തുമെന്ന് ഗ്രെഗ് ഹണ്ട് പറഞ്ഞു.
കടപ്പാട്: SBS മലയാളം