പെർത്തിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ
പെർത്തിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് വിക്ടോറിയയിലേക്ക് യാത്ര ചെയ്തയാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പെർത്തിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
പെർത്ത്, പീൽ പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ. വെള്ളിയാഴ്ച(ഇന്ന്) അർധരാത്രി മുതലാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.
ഈ മൂന്ന് ദിവസങ്ങളിൽ വ്യായാമത്തിനും, ആരോഗ്യ സേവനങ്ങൾക്കും അവശ്യ സാധനങ്ങൾ വാങ്ങാനും മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
ലോക്ക്ഡൗണിന് പുറമെ വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കി. ഏപ്രിൽ 17 മുതൽ പെർത്തിലോ പീലിലോ ഉണ്ടായിരുന്നവരും മാസ്ക് ധരിക്കേണ്ടതാണെന്ന് പ്രീമിയർ അറിയിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് ആൻസാക് ദിന പരിപാടികളും റദ്ദാക്കി.
കൂടാതെ പബുകൾ, ബാറുകൾ, ക്ലബുകൾ എന്നിവ ടേക്ക് എവേ സേവനങ്ങൾ മാത്രമാകും. ജിമ്മുകൾ, കെട്ടിടത്തിനുള്ളിലെ കായികവിനോദങ്ങൾ തുടങ്ങിയവ അനുവദിക്കില്ല.
പെർത്തിലെ ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് വിക്ടോറിയയിലേക്ക് യാത്ര ചെയ്തയാൾ അഞ്ച് ദിവസം സമൂഹത്തിലുണ്ടായിരുന്നെന്ന് പ്രീമിയർ മാർക്ക് മക് ഗോവൻ പറഞ്ഞു. ഇതാണ് പെർത്തിനെ ലോക്ക് ഡൗണിലേക്ക് നയിച്ചത്.
പെർത്തിലേക്ക് എത്താൻ അനുവദിക്കുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കണമെന്നും പ്രീമിയർ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു മാസത്തേക്ക് ഈ മാറ്റം വരുത്തണമെന്നാണ് ആവശ്യം.
കടപ്പാട്: SBS മലയാളം