പെർത്തിൽ ക്വാറന്റൈൻ ഹോട്ടലിലെ ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മെട്രോപോളിറ്റൻ പ്രദേശത്ത് അഞ്ച് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പത്ത് മാസത്തിന് ശേഷം ആദ്യമായാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
പെർത്തിലെ ക്വാറന്റൈൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് രൂപമാറ്റം വന്ന യു കെ സ്‌ട്രെയിൻ ആണെന്നാണ് അധികൃതർ സംശയിക്കുന്നത്.
ഇതേതുടർന്ന് പെർത്ത് മെട്രോപോളിറ്റൻ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഞായറാഴ്ച (ഇന്ന്) വൈകിട്ട് ആറ് മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണി വരെയാണ് ലോക്ക്ഡൗൺ.
പെർത്ത്, പീൽ, തെക്ക് പടിഞ്ഞാറൻ പ്രദേശം എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ. ഈ സമയത്ത് നാല് കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന് പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചു.
അവശ്യസാധനങ്ങൾ വാങ്ങാനും, ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും, വ്യായാമത്തിനും, ജോലിക്കും മാത്രമേ പുറത്തിറങ്ങാവുള്ളുവെന്ന് സർക്കാർ അറിയിച്ചു.
പരമാവധി വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ ജനങ്ങൾ ശ്രമിക്കണമെന്നും പ്രീമിയർ പറഞ്ഞു.
ലോക്ക്ഡൗണിന് പുറമെ പെർത്തിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കി.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, കെട്ടിടത്തിനകത്തുള്ള തൊഴിലിടങ്ങളിലും, പൊതുഗതാഗത സംവിധാനത്തിലുമെല്ലാം മാസ്ക് നിർബന്ധമാണ്.
കടപ്പാട്: SBS മലയാളം