കൊവിഡ് പരിശോധന മാനദണ്ഡങ്ങളിൽ മാറ്റം

കൊവിഡ് പരിശോധനാ സാമഗ്രികൾക്ക് ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു. റാപ്പിഡ് ആൻറിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റിവായാൽ പിസിആർ പരിശോധന നടത്തണമെന്ന നിബന്ധനയും സർക്കാർ പിൻവലിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച, കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ റാപ്പിഡ് ആൻറ്റിജൻ കിറ്റുകൾ നിർദ്ദേശിച്ച ദേശീയ ക്യാബിനറ്റ് യോഗം ഈയാഴ്ച ആൻറ്റിജൻ പരിശോധന മാനദണ്ഡങ്ങൾ വീണ്ടും പുതുക്കി നിശ്ചയിച്ചു. റാപ്പിഡ് ആൻറ്റിജൻ കിറ്റുകൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയതോടെയാണ് പുതിയ തീരുമാനം.

വെസ്റ്റേൺ ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പരിശോധനകൾക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും.

വീടുകളിൽ നടത്തുന്ന റാപ്പിഡ് ആൻറ്റിജൻ പരിശോധന പോസിറ്റാവായാൽ ഇനിമുതൽ ടെസ്റ്റിംഗ് സെൻററുകളിൽ പോകേണ്ടതില്ല. പകരം ജി.പിയുമായി ബന്ധപ്പെട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.

അന്തർ സംസ്ഥാന യാത്രകൾക്ക് മുൻപ് ആവശ്യമായിരുന്ന പരിശോധനയിലും ഇളവ് വരുത്തി. ക്വീൻസ്‌ലാൻഡ്, ടാസ്മാനിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി മുതൽ പരിശോധന ആവശ്യമില്ല.

അന്താരാഷ്ട്ര യാത്രക്കാർ ഓസ്ട്രേലിയയിൽ എത്തികഴിഞ്ഞാൽ നടത്തേണ്ടിയിരുന്ന കൊവിഡ് പരിശോധനകളിലും ഇളവുണ്ട്. ക്വീൻസ്‌ലാൻറ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെത്തുന്ന യാത്രക്കാർ രണ്ടാമത്തെ ‘പോസ്റ്റ് അറൈവൽ ടെസ്റ്റ്’ നടത്തേണ്ടതില്ലെന്നാണ് പുതുക്കിയ നിർദ്ദേശം.

ഏഴു ദിവസത്തിലൊരിക്കൽ ട്രക്ക് ഡ്രൈവർമാർക്ക് നിഷ്കർഷിച്ചിരുന്ന റോളിംഗ് ടെസ്റ്റുകളും പിൻവലിച്ചിട്ടുണ്ട്.

റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

കൺസഷൻ കാർഡ് ഉടമകൾക്ക് മാത്രമാകും സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റിന് അർഹതയുണ്ടാകുക. ഇവർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ 10 സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വീതം (ഒരു മാസത്തിൽ പരമാവധി അഞ്ച്) നൽകാനും ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

ഇനിപ്പറയുന്ന കാർഡുകൾ കൈവശമുള്ള ആളുകൾക്കാകും ഫാർമസികൾ വഴി സൗജന്യ കിറ്റുകൾ ലഭിക്കുക.

RAT കിറ്റുകൾ എവിടെ ലഭിക്കും

രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളിലൊന്നും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ കിട്ടാനില്ല. അഥവാ സ്റ്റോക്കെത്തിയാലുടൻ തീരുമെന്നതാണ് സ്ഥിതി.

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ എവിടെയൊക്കെ ലഭ്യമാണെന്നറിയുന്നതിനായി പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങിയിട്ടുണ്ട്. നിങ്ങളുടെ സമീപത്ത് എവിടെ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭിക്കുമെന്നറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

RAT കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുവാനും ഫെഡറൽ സർക്കാർ ശ്രമം ആരംഭിച്ചു. ഇതിനായി വിതരണ ശൃംഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും. RAT കിറ്റുകൾക്ക് കൃത്വിമമായി വില കയറ്റുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version