പ്രതിസന്ധി നേരിടുന്ന ഓസ്‌ട്രേലിയൻ തൊഴിൽ രംഗം തിരിച്ചു വരവ് നടത്തുന്നതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസ് ബാധ ഏറ്റവും കുറവ് ബാധിച്ച സംസ്ഥാനങ്ങളിൽ തൊഴിൽ രംഗം ഏറ്റവും മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്.
കൊറോണവൈറസ് മഹാമാരിമൂലം കഴിഞ്ഞ പന്ത്രണ്ട് മാസമായി ഓസ്‌ട്രേലിയയിലെ തൊഴിലിയായ്മാ നിരക്ക് കൂടിയിരിക്കുകയാണ്.
എന്നാൽ, ഇപ്പോൾ തൊഴിൽ രംഗം തിരിച്ചുവരവ് നടത്തുന്നതായാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
* വൈറസ് ബാധക്ക് മുൻപുള്ള നിലയിലേക്ക് തൊഴിൽ രംഗം നീങ്ങുന്നതായി കണക്കുകൾ
* വൈറസ് രൂക്ഷമായി ബാധിക്കാത്ത പ്രദേശങ്ങളിൽ മെച്ചപ്പെട്ട തിരിച്ചു വരവ്
* വേതനം കുറഞ്ഞ നിലയിൽ തുടരുന്നു
ദേശീയ തലത്തിൽ പേറോളിന്റെ ഭാഗമായുള്ള തൊഴിലുകളിൽ 1.3 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് 2021 ജനുവരി മാസം അവസാനത്തെ രണ്ട് വാരങ്ങളിലെ ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ. എല്ലാ വ്യവസായ രംഗങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
നോർത്തേൺ ടെറിട്ടറിയിൽ 3.5 ശതമാനം വർദ്ധനവ് രേഖപെടുത്തിയപ്പോൾ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 2.5 ശതമാനം കൂടിയതായാണ് കണക്കുകൾ. സൗത്ത് ഓസ്‌ടേലിയയിൽ 2.4 ശതമാനം കൂടി.
എന്നാൽ വൈറസ് ബാധ വലിയ രീതിയിൽ ബാധിക്കാത്ത സംസ്ഥാങ്ങളെ അപേക്ഷിച്ച് വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ വളർച്ച കുറവായിരുന്നതായാണ് റിപ്പോർട്ട്.
ഇതിൽ ഏറ്റവും മോശം പ്രകടനംകാഴ്ചവച്ചത് ടാസ്മേനിയയിലും വിക്ടോറിയയിലുമാണ് (-1.7 എന്നായിരുന്നു കണക്കുകൾ) എന്ന് ഏബിഎസ് ചൂണ്ടിക്കാട്ടുന്നു.
ഈ കണക്കുകൾ പ്രകാരം പേറോളിന്റെ ഭാഗമായുള്ള തൊഴിലുകളുടെ എണ്ണം കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ഉണ്ടായിരുന്ന അതേ സാഹചര്യത്തിലേക്ക് ഇപ്പോൾ തിരിച്ചെത്തിയതായാണ് എബിഎസിന്റെ വിലയിരുത്തൽ.
എന്നാൽ രണ്ട് ആഴ്ചകളിലെ മാത്രം കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ എന്ന കാര്യവും എബിഎസ് അധികൃതർ ചൂണ്ടിക്കാട്ടി.
അതെ സമയം, കഴിഞ്ഞ പന്ത്രണ്ട് മാസമായി തൊഴിൽ രംഗത്ത് നേരിടുന്ന പ്രതികൂല അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നതായി അധികൃതർ പറയുന്നു.
ഓസ്‌ട്രേലിയൻ നികുതി വകുപ്പിന്റെ സിംഗിൾ ടച്ച് പേറോൾ സംവിധാനത്തിൽ നിന്നാണ് ഈ കണക്കുകൾ.
ഓസ്‌ട്രേലിയയിൽ പേറോൾ വേതനം 3.4 ശതമാനം കുറഞ്ഞതായി എബിഎസ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2020 മാർച്ച് 14 മുതൽ 2021 ജനുവരി 30 വരെയുള്ള കാലയളവിലാണ് ഇത്.
നോർത്തേൺ ടെറിട്ടറിയിൽ ഒഴിച്ച് എല്ലാ പ്രദേശങ്ങളിലും വേതനം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ന്യൂ സൗത്ത് വെയിലിൽസ് (-4.6 ശതമാനം), വിക്ടോറിയ (-2.7 ശതമാനം ), ക്വീൻസ്ലാൻറ് (-2.6 ശതമാനം), ടാസ്മേനിയ ( -2.2 ശതമാനം ), സൗത്ത് ഓസ്‌ട്രേലിയ ( -1.2 ശതമാനം), ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (-1 ശതമാനം).
നോർത്തേൺ ടെറിട്ടറിയിൽ പേറോൾ വേതനത്തിൽ 1.6 ശതമാനത്തിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കടപ്പാട്: SBS മലയാളം