ശമ്പളത്തോടെയുള്ള പേരന്റൽ ലീവ് ആറു മാസമാക്കി ഉയർത്തും
ഓസ്ട്രേലിയയിൽ ശമ്പളത്തോടെയുള്ള പേരന്റൽ ലീവ് 26 ആഴ്ചയാക്കി ഉയർത്തുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി പ്രഖ്യാപിച്ചു. പേരന്റൽ ലീവ് നിലവിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലേബർ പാർട്ടിയുടെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സമ്മേളനത്തിലാണ് പേരന്റൽ ലീവ് പദ്ധതിയിൽ പരിഷ്കരണം വരുത്തുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിലവിൽ 18 ആഴ്ചയാണ് ശമ്പളത്തോടെയുള്ള പേരന്റൽ ലീവായി നൽകുന്നത്. കുഞ്ഞിന്റെ അമ്മയ്ക്കാണ് ഇത് ലഭിക്കുന്നത്.
ഇതിനു പുറമേ, കുഞ്ഞിന്റെ അച്ഛന് രണ്ടാഴ്ചത്തെ “ഡാഡ് ആന്റ് പാർട്ണർ” ലീവും നൽകുന്നുണ്ട്.
2024 ജൂലൈ മുതൽ ഇത് രണ്ടും കൂടി യോജിപ്പിച്ച് 20 ആഴ്ചത്തെ പേരന്റൽ ലീവാക്കി മാറ്റും.
2026 ജൂലൈ ഒന്നു മുതലാകും 26 ആഴ്ച, അഥവാ ആറു മാസം, ശമ്പളത്തോടെയുള്ള പേരന്റൽ ലീവ് ലഭിക്കുന്നത്.
കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമായാണ് ആറു മാസത്തെ ലീവ് അനുവദിക്കുന്നത്. അതായത്, രണ്ടു പേർക്കും ലീവ് പങ്കിട്ടെടുക്കാൻ കഴിയും.
സിംഗിൾ പേരന്റ്, അഥവാ ഒറ്റയ്ക്ക് കുട്ടിയെ നോക്കുന്ന രക്ഷിതാവാണെങ്കിൽ 26 ആഴ്ചയും ലീവെടുക്കാം.
തുടർച്ചയായി പേരന്റൽ ലീവ് എടുക്കുന്നതിന് പകരം, ചെറിയ ഇടവേളകളിൽ പേരന്റൽ ലീവ് എടുക്കാനും അനുവദിക്കും.
എന്നാൽ, നിശ്ചിത കാലത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ഈ ലീവ് നഷ്ടമാകും എന്ന വ്യവസ്ഥ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അച്ഛനമ്മമാർ കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ ലീവെടുക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഇത്.
തൊഴിലുടമകൾ നൽകുന്ന പേരന്റൽ ലീവീന് പുറമേയാണ് സർക്കാരിന്റെ ഈ പദ്ധതി. ദേശീയ മിനിമം വേജസാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.
പുതിയ രക്ഷിതാക്കൾക്ക് കുഞ്ഞിനൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കും എന്നു മാത്രമല്ല, ഈ ലീവ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കാൻ അച്ഛനമ്മമാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ലേബർ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിക്കും.
കടപ്പാട്: SBS മലയാളം